നാല് സംസ്ഥാനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ്; വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: നാല് സംസ്ഥാനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. പശ്ചിമ ബംഗാൾ, ബിഹാർ, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടത്തുക. നാല് നിയമസഭാ സീറ്റുകളിലേക്കും ഒരു ലോക്സഭാ സീറ്റിലേക്കും തെരഞ്ഞെടുപ്പ് നടക്കും. പശ്ചിമ ബംഗാളിലെ അസൻസോളിലാണ് ലോക്സഭാ തെരഞ്ഞെടുപ്പ്.

പശ്ചിമ ബംഗാൾ-ബല്ലിഗംഞ്ചെ, ഛത്തീസ്ഗഡ്- ഖൈരാഗഡ്, ബിഹാർ- ബോചഹൻ, മഹാരാഷ്ട്ര-കോലാപൂർ എന്നിവിടങ്ങളിലാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 24 ന് മുൻപ് നാമനിർദ്ദേശ പത്രിക സമർപ്പിക്കണമെന്നാണ് നിർദ്ദേശം. മാർച്ച് 25 ന് സൂക്ഷ്മ പരിശോധന നടത്തും. മാർച്ച് 28 വരെയാണ് പത്രിക പിൻവലിക്കാനുള്ള സമയം. ഏപ്രിൽ 12 ന് തെരഞ്ഞെടുപ്പ് നടക്കും. ഏപ്രിൽ 16 നാണ് വോട്ടെണ്ണൽ നടക്കുകയെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.