പ്രഫുൽ പട്ടേലിനെ അടുത്ത ഡൽഹി ലഫ്.ഗവർണറായി നിയമിക്കാൻ കേന്ദ്രസർക്കാരിന് പദ്ധതിയുണ്ടോ; ചോദ്യവുമായി അരവിന്ദ് കെജ്രിവാൾ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിനോട് ചോദ്യവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിനെ അടുത്ത ഡൽഹി ലഫ്.ഗവർണറായി നിയമിക്കാൻ കേന്ദ്രസർക്കാരിന് പദ്ധതിയുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഡൽഹിയിൽ അടുത്തിടെ നടക്കാനിരിക്കുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിന് മുമ്പായി പുതിയ ഗവർണറെ നിയമിക്കാൻ കേന്ദ്ര സർക്കാർ നീക്കം നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് അരവിന്ദ് കെജ്രിവാൾ പ്രതികരണവുമായി രംഗത്തെത്തിയത്. വിവി പാറ്റ് സൗകര്യത്തോടെയുള്ള വോട്ടിങ് മെഷീൻ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ആം ആദ്മി പാർട്ടി ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ഇതിനുപിന്നാലെയാണ് പ്രഫുൽ പട്ടേലിനെ ലഫ്. ഗവർണറാക്കുമോയെന്ന് കെജ്രിവാൾ ചോദ്യമുയർത്തിയത്. അനിൽ ബൈജാലാണ് നിലവിലെ ഡൽഹി ഡൽഹി ലഫ്. ഗവർണർ. 2016 ഡിസംബറിലാണ് അദ്ദേഹം പദവിയിൽ നിയമിതനായത്. ലക്ഷദ്വീപിൽ ലഫ്. ഗവർണർ പദവിയിലിരുന്ന് അടുത്തിടെ പ്രഫുൽ പട്ടേൽ നടപ്പാക്കിയ ഭരണപരിഷ്‌കാരങ്ങൾ വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു.