‘ക്രൈസ്തവരെ താഴ്ത്തിക്കെട്ടുകയും മുസ്ലീങ്ങളെ ഉയര്‍ത്തിക്കാട്ടുകയാണ്’; ഭീഷ്മപര്‍വ്വത്തിനെതിരെ കെസിബിസി

കൊച്ചി: അമല്‍ നീരദിന്റെ സംവിധാനത്തിലൊരുങ്ങിയ മമ്മൂട്ടി ചിത്രം ഭീഷ്മപര്‍വ്വത്തിലെ ചില രംഗങ്ങള്‍ക്കും ഡയലോഗുകള്‍ക്കുമെതിരെ വിമര്‍ശനവുമായി കേരള കാത്തലിക് ബിഷപ്പ് കൗണ്‍സില്‍ രംഗത്ത്. ക്രൈസ്തവവിരുദ്ധമായ ചിത്രമാണിത്. ഭീഷ്മപര്‍വ്വത്തില്‍ വിരലിലെണ്ണാവുന്ന നല്ല കഥാപാത്രങ്ങള്‍ മാത്രമാണ് ഉള്‍പ്പെട്ടിട്ടുള്ളത്. സന്യാസിനിമാരെ അവതരിപ്പിച്ചിട്ടുള്ളതില്‍ ഭൂരിഭാഗവും യഥാര്‍ത്ഥത്തിലുള്ളവരുടെ പ്രതിച്ഛായ ഉള്ളവരായിരുന്നില്ലെന്നും കെസിബിസി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ലേഖനത്തില്‍ വ്യക്തമാക്കുന്നു.

‘ക്രൈസ്തവരെ താഴ്ത്തിക്കെട്ടി മുസ്ലീങ്ങളെ ഉയര്‍ത്തിക്കാട്ടുകയാണ് സിനിമ. മയക്കുമരുന്നിന്റെ ഉപയോഗം, അതിരുവിട്ട മദ്യപാനവും പുകവലിയും, സ്വവര്‍ഗ്ഗ പ്രണയം, പരസ്ത്രീബന്ധം, കുടുംബാംഗങ്ങള്‍ തമ്മിലുള്ള പകയും മറ്റ് കുടുംബപ്രശ്നങ്ങളും തുടങ്ങിയവ ക്രൈസ്തവ കഥാപാത്രങ്ങളുടെ സ്വഭാവസവിശേഷതകളായി കാണിക്കുന്നു. അതേസമയം ദൈവവിശ്വാസം മുതല്‍ മാതൃകാപരമായ ജീവിതരീതിയും സഹായസന്നദ്ധതയും പരസ്പരസ്നേഹവും മതേതരത്വ നിലപാടുകളും വരെയുള്ള എല്ലാവിധ സദ്ഗുണങ്ങളുമാണ് മുസ്ലീം കഥാപാത്രങ്ങളുടെ സവിശേഷതകളായി അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.
ഗൗരവമായ ഒരു വിഷയം അവതരിപ്പിക്കാന്‍ എന്നുള്ളതിനേക്കാള്‍, വിലകുറഞ്ഞ തമാശകള്‍ സൃഷ്ടിക്കാനോ മനഃപൂര്‍വ്വം അവഹേളിക്കാനോ ആണ് ക്രൈസ്തവ ബിംബങ്ങളെയും അത്തരം വേഷവിധാനങ്ങളെയും മലയാള ചലച്ചിത്രങ്ങളില്‍ ഏറിയപങ്കും അവതരിപ്പിച്ചു കാണാറുളളത്’- ലേഖനത്തില്‍ ആരോപിക്കുന്നു.

മാര്‍ച്ച് മൂന്നിന് തിയേറ്ററുകളിലെത്തിയ ചിത്രത്തില്‍ തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്റ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് അണിനിരന്നിരിക്കുന്നത്.