ഐഎസ്എല്‍ സെമിയില്‍ എടികെയെ തകര്‍ത്ത് ഹൈദരാബാദ്‌

ബാംബോലിം: ഐഎസ്എല്ലില്‍ രണ്ടാം സെമിയുടെ ആദ്യപാദത്തില്‍ എടികെ മോഹന്‍ ബഗാനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്ത്‌ ഹൈദരാബാദ് എഫ്‌സി. തുടക്കത്തില്‍ ലീഡ് നേടിയ ശേഷമായിരുന്നു ബഗാന്റെ തോല്‍വി. ബര്‍തൊളോമ്യൂ ഒഗ്ബെച്ചെ, മുഹമ്മദ് യാസിര്‍, ഹാവിയര്‍ സിവേരിയോ എന്നിവരാണ് ഹൈദരാബാദിന്റെ ഗോളുകള്‍ നേടിയത്. റോയ് കൃഷ്ണയുടെ വകയായിരുന്നു ബഗാന്റെ ഏകഗോള്‍.

18-ാം മിനിറ്റിനായിരുന്നു റോയ് കൃഷ്ണയുടെ ഗോള്‍. ലിസ്റ്റണ്‍ കൊളാക്കോയുടെ പാസില്‍ നിന്നായിരുന്നു ഗോള്‍. താരത്തിന്റെ നിലംപറ്റെയുള്ള ക്രോസ് റോയ് പ്രതിരോധതാരം ആകാശ് മിശ്രയെ മറികടന്ന് വലയിലെത്തിച്ചു. ഹൈദരാബാദിന്റെ മറുപടി ഒഗ്ബെച്ചെയുടെ വകയായിരുന്നു. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്തായിരുന്നു ഗോള്‍. യാസറിന്റെ കോര്‍ണറില്‍ അനികേത് ജാദവ് ആ്ദ്യ ശ്രമം നടത്തി. എന്നാല്‍ ഷോട്ട് പ്രതിരോധത്തില്‍ തട്ടിതെറിച്ചു. പന്ത് കിട്ടിയ ഹൈദരാബാദ് പ്രതിരോധ താരം ജുവനാന്‍ നൈജീരിയന്‍ താരത്തിന് മറിച്ചു നല്‍കി. ഒഗ്ബെച്ചെയുടെ ഷോട്ട് ഗോള്‍കീപ്പര്‍ അമ്രിന്ദര്‍ സിംഗിനെ മറികടന്നു. സ്‌കോര്‍ 1-1. പിന്നാലെ ആദ്യ പകുതി അവസാനിച്ചു.

58-ാം മിനിറ്റില്‍ മത്സരത്തിലെ രണ്ടാം ഗോള്‍. ഒഗ്ബെച്ചെയില്‍ നിന്ന് പന്ത് സ്വീകരിച്ച സിവേറിയോ ഷോട്ടുതിര്‍ക്കും മുമ്ബ് പ്രതിരോധതാരങ്ങളായ സന്ദേശ് ജിങ്കാനും തിരിയും പ്രതിരോധിച്ചു. പന്ത് യാസിറിന്റെ മുന്നിലേക്ക്. അനായാസം താരം ഗോള്‍വര കടത്തി. ഹൈദരാബാദ് ആദ്യമായി മത്സരത്തില്‍ മുന്നിലെത്തി. ആറ് മിനിറ്റുകള്‍ക്ക് ശേഷം ഹൈദരാബാദിന്റെ മൂന്നാം ഗോളും പിറന്നു. ഇത്തവണ സിവേരിയോ ആണ് ഗോള്‍ നേടിയത്‌.