‘ദി കശ്മീരി ഫയല്‍സ്’ നികുതി രഹിതമായി പ്രഖ്യാപിച്ച് ഹരിയാന സര്‍ക്കാര്‍

ചണ്ഡീഗഡ്: വിവേക് അഗ്‌നിഹോത്രിയുടെ സംവിധാനത്തിലൊരുങ്ങിയ ‘ദി കശ്മീരി ഫയല്‍സ്’ റിലീസിന് മുന്‍പ് തന്നെ ഏറെ ജനശ്രദ്ധയാകര്‍ഷിച്ച ചിത്രമാണ്. കശ്മീരിലെ ജനങ്ങളുടെ ദുരിതവും അവര്‍ അനുഭവിച്ച വേദനയും തുറന്ന് പറയുകയാണ് ചിത്രത്തിലൂടെ. ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാല്‍, തിയേറ്ററില്‍ എത്തിയതോടെ പ്രേക്ഷകര്‍ ഇരു കൈകളും നീട്ടി സ്വീകരിക്കുകയാണ്.

യഥാര്‍ത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ മിഥുന്‍ ചക്രവര്‍ത്തി, അനുപം ഖേര്‍, ദര്‍ശന്‍ കുമാര്‍, പല്ലവി ജോഷി, ചിന്മയി മാണ്ട്ലേകര്‍, പുനീത് ഇസ്സര്‍, പ്രകാശ് ബേലവാടി, അതുല്‍ ശ്രീവാസ്തവ, മൃണാല്‍ കുല്‍ക്കര്‍ണി എന്നിവരാണ് പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 50 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം.

അതേസമയം, സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് ടാക്സോ, ജിഎസ്ടിയോ ഈടാക്കരുത് എന്ന് തിയേറ്ററുകള്‍ക്കും മള്‍ട്ടിപ്ലെക്സുകള്‍ക്കും നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് ഹരിയാന സര്‍ക്കാര്‍. എക്സൈസ് ആന്റ് ടാക്സേഷന്‍ വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് ആറ് മാസം വരെ തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. അതിനാല്‍, സംസ്ഥാനത്തെ തിയേറ്ററുകളില്‍ സിനിമ കാണാന്‍ സീറ്റ് ബുക്ക് ചെയ്തവര്‍ക്ക് ജിഎസ്ടി തിരികെ നല്‍കണമെന്നും സര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. സംസ്ഥാന ജിഎസ്ടി കുറച്ചാകും ഇനി ടിക്കറ്റ് വില്‍ക്കുക.