ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ കോൺഗ്രസ് പ്രവർത്തക സമിതി യോഗം ചേരാൻ തീരുമാനിച്ചു. ഡൽഹിയിലെ എഐസിസി ആസ്ഥാനത്താണ് യോഗം ചേരുക. തിരഞ്ഞെടുപ്പ് തോൽവി ഉൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. പ്രവർത്തക സമിതിയിലുള്ള 51 അംഗങ്ങളും യോഗത്തിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളുടെ ചുമതല വഹിച്ച ജനറൽ സെക്രട്ടറിമാർ പരാജയത്തിന്റെ കാരണങ്ങൾ യോഗത്തിൽ വിശദീകരിക്കും. അവരുടെ റിപ്പോർട്ട് യോഗം വിശദമായി ചർച്ച ചെയ്യും. പരാജയത്തിന്റെ ഉത്തരവാദിത്വം ആരെങ്കിലും ഏറ്റെടുക്കേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും ചർച്ച ചെയ്‌തേക്കുമെന്നാണ് വിവരം. പാർട്ടിയ്ക്ക് സ്ഥിര അദ്ധ്യക്ഷനെ വേണമെന്ന ആവശ്യം നേതാക്കൾക്കിടയിൽ ശക്തമായി ഉയരുന്നുണ്ട്. ഇക്കാര്യത്തിലും ചർച്ച നടന്നേക്കുമെന്നാണ് വിവരം. ദേശീയ നേതൃത്വത്തിനെതിരേയുള്ള വിമർശനങ്ങൾ സംബന്ധിച്ചും രൂക്ഷമായ വാദപ്രതിവാദങ്ങൾ പ്രവർത്തക സമിതിയിൽ നടന്നേക്കാനാണ് സാധ്യത.
നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസിന് വലിയ തിരിച്ചടിയാണ് ഉണ്ടായത്. അധികാരമുണ്ടായിരുന്ന പഞ്ചാബിലെ ഭരണം പോലും കോൺഗ്രസിന് നഷ്ടപ്പെടുകയായിരുന്നു.

