അടുത്ത രാഷ്ട്രപതിയെ ബിജെപിക്ക് തീരുമാനിക്കാം; വെങ്കയ്യ നായിഡു സജീവ പരിഗണനയില്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ്‌ ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍ വിജയം കരസ്ഥമാക്കിയ ബിജെപിക്ക് തന്നെയാവും അടുത്ത രാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ സാധിക്കുക. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആണ് ബിജെപിയുടെ സജീവ പരിഗണനയിലുള്ളത്. ഇപ്പോഴത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് രണ്ടാമൂഴം നല്‍കണമോ എന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല

ജൂലായില്‍ ആണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുക. പരിഗണനയിലുള്ള എല്ലാ സ്ഥാനാര്‍ത്ഥികളെയും പരിശോധിച്ച ശേഷം അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദി കൈക്കൊള്ളും. ഇക്കാര്യത്തില്‍ സഖ്യകക്ഷികളുടെയും ബിജെപിയെ പിന്തുണയ്ക്കുന്ന മറ്റ് പാര്‍ട്ടികളുടെയും തീരുമാനങ്ങള്‍ കൂടി കണക്കിലെടുക്കും. നിതീഷ്‌കുമാറിന്റെ ജനതാദള്‍(യു), ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസ്, നവീന്‍ പട്നായിക്കിന്റെ ബിജു ജനതാദള്‍(യു) എന്നിവരുടെ അഭിപ്രായവും പരിഗണിക്കും.

776 പാര്‍ലമെന്റ് അംഗങ്ങളും 4,120 നിയമസഭാ അംഗങ്ങളും ചേര്‍ന്നുള്ള ഇലക്ടറല്‍ കോളെജ് ആണ് രാഷ്ട്രപതിയെ തിരഞ്ഞെടുക്കുക. ആകെയുള്ള ഇലക്ടറല്‍ കോളെജ് 10,98,903 ആണ്. ഇതില്‍ പാതിയിലധികം ഇപ്പോള്‍ ബിജെപിക്കുണ്ട്. ഓരോ എംപിയുടെയും വോട്ടിന്റെ മൂല്യം 708 ആണ്. എംഎല്‍എമാരുടെ കാര്യത്തില്‍ സംസ്ഥാനങ്ങള്‍ മാറുന്നതിനനുസരിച്ച് വോട്ടിന്റെ മൂല്യവും മാറും. ഉത്തര്‍പ്രദേശിലെ എംഎല്‍എമാരുടെ വോട്ടിനാണ് ഏറ്റവും കൂടുതല്‍ മൂല്യം- 208. അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പരാജയപ്പെട്ട പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന് നേതൃത്വപരമായി പങ്ക് ഇക്കാര്യത്തില്‍ വഹിക്കാന്‍ കഴിയില്ല.