തക്കാളിയിൽ നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ടെങ്കിലും അമിതമായി ഇവ കഴിക്കുന്നത് ശരീരത്തിന് തീരെ നല്ലതല്ല. തക്കാളി അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. തക്കാളിയുടെ അസിഡിറ്റി സ്വഭാവമാണ് അവയുടെ പുളിച്ച രുചിയുടെ പ്രധാന കാരണം. അതിനാൽ, അവ വലിയ അളവിൽ കഴിക്കുന്നത് നെഞ്ചെരിച്ചിലോ ആസിഡ് റിഫ്‌ലക്‌സിനോ ഇടയാകും. gastroesophageal reflux disease രോഗമുള്ളവർ തക്കാളി കഴിക്കുമ്പോൾ ശ്രദ്ധിക്കണമെന്നും ഡോക്ടർമാർ പറയുന്നു.
തക്കാളി അമിതമായി കഴിക്കുന്നത് ചർമ്മത്തിന്റെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ഇത് ലൈക്കോപെനോഡെർമിയയ്ക്ക് കാരണമാകും. രക്തത്തിലെ ‘ലൈക്കോപീൻ’ അളവ് നിറവ്യത്യാസത്തിന് കാരണമാകും. പ്രതിദിനം 75 മില്ലിഗ്രാം ലൈക്കോപീൻ കഴിക്കുന്നത് സുരക്ഷിതമാണെന്ന് വിദഗ്ദ്ധർ പറയുന്നു. തക്കാളിയിൽ കാണപ്പെടുന്ന ഒരു സംയുക്തമാണ് ‘ഹിസ്റ്റമിൻ’. ഇത് ചുമ, തുമ്മൽ, ചർമ്മത്തിലെ തിണർപ്പ്, തൊണ്ടയിൽ ചൊറിച്ചിൽ തുടങ്ങിയ അലർജി പ്രതിപ്രവർത്തനങ്ങൾക്ക് കാരണമാകും.
തക്കാളിയിലെ സോളനൈൻ എന്നറിയപ്പെടുന്ന ആൽക്കലോയിഡ് സന്ധികളുടെ വീക്കത്തിനും വേദനയ്ക്കും കാരണമാകുന്നു. തക്കാളി അമിതമായി കഴിക്കുന്നത് ടിഷ്യൂകളിൽ കാൽസ്യം അടിഞ്ഞുകൂടാനുള്ള സാധ്യത വർദ്ധിപ്പിക്കും. ഇത് സന്ധികളിൽ വീക്കം ഉണ്ടാകാൻ കാരണമാകുമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

