അക്കാദമിക് കലണ്ടറിന് രൂപം നൽകുമെന്ന് വി ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂൾ പാഠ്യപദ്ധതി പരിഷ്‌കരണത്തിന് കരിക്കുലം കോർ കമ്മിറ്റി രുപീകരിച്ചു. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. മലയാള അക്ഷരമാല പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സമൂഹത്തിന്റെ അഭിപ്രായം കൂടി തേടിയാകും പാഠപുസ്തകം തയാറാക്കുക. ലിംഗ സമത്വം ഉൾപ്പെടെയുള്ള സാമൂഹിക പ്രശ്‌നങ്ങൾ പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്‌കൂളിലെ സാഹചര്യം കണക്കിലെടുത്ത് അക്കാദമിക് കലണ്ടറിന് രൂപം നൽകും. ഭരണഘടനാ മൂല്യങ്ങൾ, സ്ത്രീധനം, മതേതരത്വം, ജനാധിപത്യം, ലിംഗനീതി തുടങ്ങിയ വിഷയങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും. വിദേശജോലിക്കായുള്ള ഡെപ്യൂട്ടേഷൻ പരിമിതപ്പെടുത്തും. ശാസ്ത്രമേളയും കായികമേളയും കലോത്സവവും അടുത്തവർഷം പുനരാരംഭിക്കും.

പൊതുവിദ്യാഭ്യാസ ശാക്തീകരണത്തോടെ വിദ്യാർഥികൾ വിജ്ഞാന ഉറവിടങ്ങളായി മാറുമ്പോൾ അധ്യാപകരുടെ നിലവാരം ഉയർത്താൻ പരിശീലനവും പരീക്ഷയും നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.