ന്യൂഡൽഹി: പിഎഫ് പലിശനിരക്ക് കുത്തനെ വെട്ടിക്കുറച്ച് കേന്ദ്രം. 8.1 ശതമാനമായാണ് കേന്ദ്രം പിഎഫ് പലിശ നിരക്ക് കുറച്ചത്. എട്ടര ശതമാനമായിരുന്നു നിലവിലുള്ള പലിശ നിരക്ക്. ഈ സാമ്പത്തിക വർഷത്തെ എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് പലിശ നിരക്ക് പ്രഖ്യാപിക്കാൻ ഗുവാഹത്തിയിൽ ചേർന്ന ഉന്നതാധികാരസമിതി യോഗത്തിലാണ് പലിശ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച ധാരണയായത്.
പലിശ നിരക്കിൽ പോയന്റ് നാല് ശതമാനം കുറവാണ് വരുത്തിയത്. കഴിഞ്ഞ പത്തു വർഷത്തെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണിത്. ആറു കോടി മാസ ശമ്പളക്കാർക്ക് പുതിയ തീരുമാനം തിരിച്ചടിയാകും. ഈ സാമ്പത്തിക വർഷം ഇപിഎഫിൽ എത്തിയത് 76768 കോടി രൂപയാണ്. ഇപ്പോഴത്തെ മിനിമം പെൻഷനായ ആയിരം രൂപ മൂവായിരം ആക്കണമെന്ന പാർലമെന്റ് സ്ഥിരം സമിതി ശുപാർശ ഇപിഎഫ് സമിതിക്ക് മുന്നിൽ ഉണ്ടായിരുന്നു.
എന്നാൽ ഇക്കാര്യത്തിൽ എന്ത് തീരുമാനം എടുത്തുവെന്ന് സമിതി വ്യക്തമാക്കിയിട്ടില്ല. 8.1 ശതമാനം എന്ന പലിശ നിരക്ക് ഇപിഎഫ് സമിതി കേന്ദ്ര ധന മന്ത്രാലയത്തെ അറിയിക്കും. ഇതിന് ശേഷമാകും ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടക്കുക.

