തൃശ്ശൂർ: സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. ബജറ്റിലെ അവഗണനയിലും നിരക്ക് വർധനയിലെ താമസത്തിലും പ്രതിഷേധിച്ചാണ് സ്വകാര്യ ബസുടമകൾ സമരം നടത്തുന്നത്. മിനിമം ചാർജ് പന്ത്രണ്ട് രൂപയായി ഉടൻ പ്രഖ്യാപിക്കണമെന്നും വിദ്യാർത്ഥികളുടെ ബസ് യാത്രാനിരക്ക് കൂട്ടണമെന്നും സ്വകാര്യ ബസ്സുടമകളുടെ സംഘനയായ ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ ഉന്നയിക്കുന്ന ആവശ്യം. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് നിലവിലുള്ള 1 രൂപയിൽ നിന്ന് മിനിമം ആറ് രൂപയാക്കണമെന്നും ബസുടമകൾ ആവശ്യപ്പെടുന്നു.
ബസ് ചാർജ് വർധിപ്പിക്കാമെന്ന് സംസ്ഥാന സർക്കാർ ഉറപ്പു നൽകിയിട്ടും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല. ബജറ്റിലും യാതൊരു പരിഗണയും തങ്ങൾക്ക് ലഭിച്ചില്ലെന്നും ബസുടമകൾ ആരോപിക്കുന്നു. രണ്ടോ മൂന്നോ ദിവസത്തിനകം മറ്റ് സംഘടനകളുമായി ആലോചിച്ച് സമരം തുടങ്ങാനുള്ള തീയതി പ്രഖ്യാപിക്കുമെന്നാണ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ അറിയിച്ചത്.
സംസ്ഥാനത്തെ വിദ്യാർത്ഥികൾ അടക്കമുള്ള സാധാരണ ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ യാത്രാ സൗകര്യം ഏർപ്പെടുത്തുകയും സർക്കാരിന് നയാ പൈസയുടെ മുതൽമുടക്കില്ലാതെ പതിനായിരക്കണക്കിന് ബസ് തൊഴിലാളികൾക്ക് തൊഴിൽ നൽകുകയും ആയിരക്കണക്കിന് കോടി രൂപ സർക്കാരിന് മുൻകൂർ നികുതി നൽകുകയും ചെയ്യുന്ന പൊതുഗതാഗത മേഖലയിൽ സ്റ്റേജ് കാര്യേജ് സർവീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ റോഡ് ടാക്‌സിലും സ്റ്റേജ് കാര്യേജ് ബസുകൾക്ക് ഉപയോഗിക്കുന്ന ഡീസലിന്റെ വിൽപന നികുതിയിലും ഇളവ് അനുവദിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും ഫെഡറേഷൻ പറഞ്ഞു.

