കെ സി വേണുഗോപാലിനെതിരെ വിമർശനവുമായി കണ്ണൂരിൽ പോസ്റ്റർ

തിരുവനന്തപുരം: അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയമായി പരാജയപ്പെട്ടതിന് പിന്നാലെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിനെതിരെ പ്രതിഷേധം. കെ സി വേണുഗോപാലിനെതിരെ കണ്ണൂരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടു. ശ്രീകണ്ഠാപുരത്തെ കോൺഗ്രസ് ഓഫീസിന് മുൻപിലാണ് ‘സേവ് കോൺഗ്രസ്’ എന്ന പേരിൽ വേണുഗോപാലിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

അഞ്ച് സംസ്ഥാനങ്ങൾ വിറ്റ് തുലച്ചതിന് ആശംസകളെന്നാണ് പോസ്റ്ററിൽ പറഞ്ഞിട്ടുള്ളത്. പെട്ടി തൂക്കി വേണുഗോപാൽ ഒഴിവാകുവെന്നും പോസ്റ്ററിൽ വിമർശിക്കുന്നു. കെ സി വേണുഗോപാലിനെതിരെ പ്രതിഷേധവുമായി കൂടുതൽ നേതാക്കൾ രംഗത്തെത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം പോസ്റ്റർ പ്രത്യക്ഷപ്പെട്ടതിനെ കുറിച്ച് അറിഞ്ഞില്ലെന്നാണ് കോൺഗ്രസ് ജില്ലാ നേതൃത്വത്തിന്റെ വിശദീകരണം.

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ കോൺഗ്രസിൽ നേതൃമാറ്റം അനിവാര്യമാണെന്ന ആവശ്യം ശക്തമാക്കി ജി-23 നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. പ്രചാരണത്തിന് പോലും പങ്കെടുക്കാത്ത കെ സി വേണുഗോപാൽ സമ്പൂർണ്ണ പരാജയമാണെന്നും നേതാക്കൾ കുറ്റപ്പെടുത്തുന്നു. ഗുലാം നബി ആസാദിന്റെ വസതിയിൽ ജി- 23 നേതാക്കൾ യോഗം ചേരുകയും ചെയ്തിരുന്നു. കപിൽ സിബൽ, ആനന്ദ് ശർമ്മ, ഭൂപേന്ദ്ര ഹൂഡ, മനീഷ് തിവാരി എന്നീ നേതാക്കളാണ് ഗുലാംനബി ആസാദിന്റെ വീട്ടിൽ യോഗം ചേർന്നത്.