പത്തനാപുരം: ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനക്കെതിരെ കെ. ബി ഗണേഷ് കുമാര്‍ എംഎല്‍എ. പുര കത്തുമ്പോള്‍ വാഴ വെട്ടാമെന്ന് കരുതിയിറങ്ങുന്ന അലവലാതികള്‍ എന്നാണ് സംഘടനാ നേതാക്കളെ എംഎല്‍എ വിശേഷിപ്പിച്ചത്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ വേദിയിലിരുത്തിയാണ് ഗണേഷ് കുമാറിന്റെ വിമര്‍ശനം.
കൊല്ലം തലവൂര്‍ ആയുര്‍വേദ ആശുപത്രി എംഎല്‍എ സന്ദര്‍ശിക്കുകയും വൃത്തിഹീനമായതിന് ഡോക്ടര്‍മാരെ വിമര്‍ശിക്കുകയും ചെയ്തിരുന്നു. മാത്രമല്ല സ്വയം ചൂലെടുത്ത് തറ വൃത്തിയാക്കുകയും ചെയ്തു. കോടികള്‍ മുടക്കി ഇത്രയും വലിയ കെട്ടിടം നിര്‍മ്മിച്ച ശേഷം ഇതുപോലെ വില പിടിപ്പുള്ള ഉപകരണങ്ങള്‍ വാങ്ങിയിട്ടാല്‍ പോരാ അത് വേണ്ട വിധം പരിപാലിക്കുകയും വേണമെന്ന് പറഞ്ഞാണ് ഗണേഷ് കുമാര്‍ ആശുപത്രി അധികൃതരെ ശകാരിച്ചത്.
ഇതിനെതിരെ ഡോക്ടര്‍മാരുടെ സംഘടനകള്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. കെട്ടിടം നിര്‍മ്മിച്ച് ഉപകരണങ്ങള്‍ വാങ്ങിയിട്ടാല്‍ പോരാ അത് പരിപാലിക്കാന്‍ മതിയായ ജീവനക്കാരില്ല എന്നത് എംഎല്‍എ മനസിലാക്കണമെന്നാണ് ആയുര്‍വേദ മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷനും കേരള ഗവണ്‍മെന്റ് ആയുര്‍വേദ ഓഫീസേഴ്‌സ് ഫെഡറേഷനും ചൂണ്ടിക്കാട്ടിയത്. എന്നാല്‍, സര്‍ക്കാറിനെ കുറ്റപ്പെടുത്തലല്ല വേണ്ടെതെന്നും, മതിയായ ക്ലീനിങ് സ്റ്റാഫിനെ ലഭ്യമാക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് കഴിയുമെന്നും എംഎല്‍എ വ്യക്തമാക്കി.

