ന്യൂഡൽഹി: ഉത്തർപ്രദേശിൽ അധികം വൈകാതെ രണ്ടാം യോഗി സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കും. ഹോളിക്ക് മുൻപ് തന്നെ രണ്ടാം യോഗി സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് വിവരം. സർക്കാർ രൂപീകരണ ചർച്ചകൾക്കായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വൈകാതെ ഡൽഹിയിലെത്തും എന്നാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ തുടങ്ങിയവരുമായി അദ്ദേഹം ചർച്ച നടത്തും. ചർച്ചയ്ക്ക് ശേഷമായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകൾ സംബന്ധിച്ച തീരുമാനമെടുക്കുക.
അതേസമയം, പഞ്ചാബിൽ പുതിയ ആം ആദ്മി പാർട്ടി സർക്കാരിന്റെ സത്യപ്രതിജ്ഞ അടുത്ത ബുധനാഴ്ച നടക്കും. ഭഗവന്ത് മാൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. മറ്റു മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങുകളും ബുധനാഴ്ച്ച നടത്തും. ചടങ്ങിലേക്ക് ഭഗവന്ത് മാൻ അരവിന്ദ് കെജ്‌രിവാളിനെ ക്ഷണിച്ചു. മാർച്ച് 13 ന് അമൃത്സറിൽ റോഡ് ഷോയും നടത്താനും പാർട്ടി തീരുമാനിച്ചു. അരവിന്ദ് കെജ്‌രിവാളും റാലിയിൽ പങ്കെടുക്കും.
ഗോവയിൽ ബിജെപി വലിയ വിജയം നേടിയെങ്കിലും മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടായിട്ടില്ല. ഉത്തരാഖണ്ഡിൽ ഒരു പുതുമുഖത്തെ മുഖ്യമന്ത്രിയാക്കാനാണ് ബിജെപിയുടെ തീരുമാനം. നിലവിലെ എംഎൽഎമാരിൽ നിന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനാണ് പദ്ധതി. തെരഞ്ഞെടുപ്പിൽ തോറ്റ പുഷ്പർ സിങ് ധാമിക്ക് വീണ്ടും അവസരം നൽകേണ്ടെതില്ലെന്നാണ് ബിജെപിയുടെ തീരുമാനമെന്നും റിപ്പോർട്ടുകളുണ്ട്.

