2021-ലെ കേരള സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

തൃശൂര്‍: 2021-ലെ കേരള സംഗീത നാടക അക്കാദമി ഫെലോഷിപ്പ്, അവാര്‍ഡ്, ഗുരുപൂജ പുരസ്‌കാരങ്ങള്‍ എന്നിവ പ്രഖ്യാപിച്ചു. വിവിധ കലാരംഗങ്ങളില്‍ അതുല്യ സംഭാവനകള്‍ നല്‍കിയ കരിവെള്ളൂര്‍ മുരളി (നാടകം), വി ഹര്‍ഷകുമാര്‍ (കഥാപ്രസംഗം), മാവേലിക്കര പി സുബ്രഹ്മണ്യം (സംഗീതം) എന്നിവരാണ് ഫെലോഷിപ്പിന് അര്‍ഹരായത്.

17 പേര്‍ അക്കാദമി പുരസ്‌കാരത്തിനും 23 പേര്‍ ഗുരുപൂജ പുരസ്‌കാരത്തിനും അര്‍ഹരായി. ഫെല്ലോഷിപ്പ് ലഭിച്ചവര്‍ക്ക് പ്രശസ്തി പത്രവും ഫലകവും അമ്പതിനായിരം രൂപയുമാണ് സമ്മാനം. അവാര്‍ഡ് ,ഗുരുപൂജ എന്നിവയ്ക്ക് പ്രശസ്തി പത്രവും ഫലകവും മുപ്പതിനായിരം രൂപയും നല്‍കും.

കേരള സംഗീത നാടക അക്കാദമി വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട്, അക്കാദമി നിര്‍വാഹകസമിതി അംഗങ്ങളായ വി ടി മുരളി, വിദ്യാധരന്‍ മാസ്റ്റര്‍, വി കെ അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്ത പത്രസമ്മേളനത്തിലാണ് ഫെലോഷിപ്പുകള്‍ പ്രഖ്യാപിച്ചത്.