ന്യൂഡൽഹി: ഇന്ത്യൻ മിസൈൽ പാകിസ്താന്റെ ഭൂപ്രദേശത്ത് വീണെന്ന് സ്ഥിരീകരിച്ച് ഇന്ത്യ. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിനും ഇന്ത്യ ഉത്തരവിട്ടു. അബദ്ധത്തിൽ സംഭവിച്ച പിഴവാണിതെന്ന് ഇന്ത്യ വിശദീകരിച്ചു. ഖേദകരമായ സംഭവമാണിതെന്നും ഇന്ത്യ അറിയിച്ചു.
ഹരിയാനയിലെ സിർസ വ്യോമതാവളത്തിൽ നിന്നാണ് ഇന്ത്യയുടെ സൂപ്പർസോണിക് മിസൈൽ കുതിച്ചുയർന്നത്. പാകിസ്താന്റെ ഭൂപ്രദേശമായ മിയ ചന്നുവിനടുത്ത് മിസൈൽ പതിച്ചുവെന്നായിരുന്നു പാകിസ്താന്റെ ആരോപണം. വിഷയം പരിശോധിച്ച ശേഷമാണ് ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചത്. പിന്നീട് ഇന്ത്യ വിശദീകരണം നൽകുകയും ചെയ്തിരുന്നു.
മാർച്ച് ഒൻപതിന് പതിവ് പരിശോധനയ്ക്കിടെ സംഭവിച്ച വലിയ പിഴവിനെ തുടർന്ന് മിസൈൽ പറന്നുയർന്നു. ഈ മിസൈൽ പാകിസ്താന്റെ ഭൂപ്രദേശത്ത് പതിച്ചു. ഈ സംഭവം ഏറെ ദുഃഖകരമാണ്. ആളപായം ഉണ്ടായില്ല എന്നത് ആശ്വാസകരമാണ്. സംഭവത്തെ ഇന്ത്യൻ സർക്കാർ ഗൗരവത്തിലാണ് സമീപിക്കുന്നത്. ഉന്നതതല അന്വേഷണവും പ്രഖ്യാപിച്ചുവെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

