മുംബൈ: യുക്രൈനിൽ നിന്ന് മടങ്ങിയെത്തുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യൻ മെഡിക്കൽ കോളേജുകളിൽ നേരിട്ട് പ്രവേശനം നൽകാൻ കഴിയില്ല. എന്നാൽ വിദ്യാർത്ഥികൾക്ക് പഠനം തുടരാനുള്ള വിവിധ മാർഗങ്ങളെ കുറിച്ചുള്ള അന്വേഷണത്തിലാണ് അധികൃതർ. നാസിക് ആസ്ഥാനമായുള്ള മഹാരാഷ്ട്ര യൂണിവേഴ്‌സിറ്റി ഓഫ് ഹെൽത്ത് സയൻസസ് വൈസ് ചാൻസലർ ലെഫ്റ്റനന്റ് ജനറൽ (റിട്ട) ഡോ. മാധുരി കനിത്കറാണ് ഇക്കാര്യം അറിയിച്ചത്.
യുക്രൈനിൽ നിന്നെത്തിയ വിദ്യാർത്ഥികൾക്ക് ഞങ്ങളുടെ കോളേജുകളിൽ ഉടനടി പ്രവേശനം നൽകാൻ കഴിയില്ല. ഇന്ത്യൻ കോളേജുകളിൽ മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ഇവിടെയുള്ള പ്രവേശന നിലവാരം കുറയ്ക്കാൻ കഴിയില്ല. യുക്രൈനിൽ നിന്ന് മടങ്ങിയെത്തുന്ന വിദ്യാർത്ഥികൾ വ്യത്യസ്ത അധ്യാപനരീതിയും പാഠ്യപദ്ധതിയും ഉള്ള സർവകലാശാലകൾ തിരഞ്ഞെടുത്തവരാണ്. എന്നാൽ യുക്രേനിയൻ സർവ്വകലാശാലകൾ വീണ്ടും തുറക്കുന്നത് വരെ, വിദ്യാർത്ഥികൾക്ക് അവരുടെ പഠനവും പരിശീലനവും തുടരാൻ കഴിയുന്ന ഓപ്ഷനുകൾ കണ്ടെത്താനാണ് തങ്ങളുടെ ശ്രമമെന്നും മാധുരി കനിത്കർ വ്യക്തമാക്കി.
വിദ്യാർത്ഥികളെ പുനരധിവസിപ്പിക്കുന്നതിനോ സഹായിക്കുന്നതിനോ ഉള്ള ഒരു തീരുമാനവും സർവകലാശാലകൾക്ക് ഒറ്റയ്‌ക്കെടുക്കാൻ കഴിയില്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള വഴികളും മാർഗങ്ങളും ദേശീയ മെഡിക്കൽ കമ്മീഷൻ പരിശോധിച്ചു വരികയാണ്. തിരിച്ചെത്തുന്ന വിദ്യാർത്ഥികളെ സമ്മർദ്ദ രഹിതരാക്കുന്നതിനും നിലവിൽ പഠിക്കുന്ന കാര്യങ്ങളുടെ തുടർച്ച ഉറപ്പാക്കാനുള്ള സാധ്യതകൾ പരിശോധിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നതെന്നും കനിത്കർ ചൂണ്ടിക്കാട്ടി.
രോഗികളും ആശുപത്രികളും ഇല്ലാതെ ഓൺലൈനായി മെഡിസിൻ പഠിപ്പിക്കാൻ കഴിയില്ല. മെഡിക്കൽ കോഴ്സുകൾ നടത്തുന്ന വിവിധ സർവകലാശാലകളിലെ പോരായ്മകൾ എന്തൊക്കെയാണെന്നും തങ്ങൾ വിലയിരുത്തുന്നുണ്ട്. മാനദണ്ഡങ്ങളിൽ ഇളവു വരുത്താൻ കഴിയില്ലെന്നും കനിത്കർ കൂട്ടിച്ചേർത്തു.

