അധിക പ്രകാശമുള്ള ലൈറ്റുകള്‍ ഉപയോഗിച്ച് കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെ മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നത് വര്‍ധിച്ചതിനാല്‍ കടലിലെ രാത്രികാല മത്സ്യബന്ധനത്തില്‍ നിന്ന് താങ്ങുവള്ളങ്ങളെ താല്‍ക്കാലികമായി വിലക്കി. കോസ്റ്റല്‍ പോലീസും ഫിഷറീസ് വകുപ്പും ചേര്‍ന്നാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. വിലക്ക് ലംഘിച്ചാല്‍ വള്ളം പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
ആലപ്പാട് ഭാഗത്തുനിന്നുള്ളവര്‍ തീവ്ര ലൈറ്റ് ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതായി ആരോപിച്ച് നീണ്ടകര പുത്തന്‍തുറ ഭാഗത്തുള്ളവര്‍ തടയാനായി സംഘടിക്കുകയും സംഘര്‍ഷ സാധ്യത ഉടലെടുക്കുകയും ചെയ്യുകയായിരുന്നു. കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ ജനപ്രതിനിധികളുടെയും മത്സ്യത്തൊഴിലാളികളുടെയും യോഗം വിളിച്ചു ചേര്‍ത്താണ് പ്രശ്‌നം പരിഹരിച്ചത്. ഇതേത്തുടര്‍ന്ന് ഫിഷറീസ് വകുപ്പും കോസ്റ്റല്‍ പോലീസും താങ്ങുവള്ളങ്ങളെ രാത്രികാല മത്സ്യബന്ധനത്തില്‍ നിന്ന് വിലക്കുകയായിരുന്നു.
1980ലെ കേരള മറൈന്‍ ഫിഷിംഗ് റെഗുലേഷന്‍ നിയമപ്രകാരം അധിക പ്രകാശമുള്ള ലൈറ്റുകള്‍ മത്സ്യസമ്പത്തിന് ഭീഷണിയാകുമെന്നതിനാല്‍ നേരത്തെ നിരോധിച്ചതാണ്. കൂടുതല്‍ മത്സ്യ ലഭ്യതക്കായി ചില തൊഴിലാളികള്‍ ഈ രീതി പിന്തുടരുന്നുണ്ട്. നീണ്ടകര, അഴീക്കല്‍ ഭാഗങ്ങളില്‍ നിന്ന് പത്തിലധികം പേര്‍ ഒന്നിച്ചുപോകുന്ന താങ്ങുവള്ളങ്ങളാണ് ഇത്തരം മത്സ്യബന്ധനം കൂടുതലായി നടത്തുന്നത്. എന്നാല്‍, ഇത്തരം പ്രവൃത്തിയോട് പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ എതിരാണ്.

