തൃശൂര്‍: അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ 17ാമത് അധ്യായം മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ 7 വരെ തൃശൂര്‍ ശ്രീ തീയേറ്ററില്‍ നടക്കും. 75 ഫീച്ചര്‍ സിനിമകളാണ് പ്രദര്‍ശനത്തിനെത്തുന്നത്. തൃശൂര്‍ ജില്ലയിലെ ഇരിഞ്ഞാലക്കുട, ഗുരുവായൂര്‍, പാവറട്ടി,നാട്ടിക, പെരിഞ്ഞനം തുടങ്ങിയ ദേശങ്ങളിലും പല ദിവസങ്ങള്‍ ആയി ചെറു ചലച്ചിത്രോത്സവങ്ങള്‍ നടക്കും.
എഫ് എഫ് എസ് ഐ യുടെ വൈസ് പ്രസിഡന്റും, ഇന്റര്‍നാഷണല്‍ ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റിസിന്റെ ഏഷ്യ പസിഫിക് സെക്രട്ടറിയുമായ പ്രേമേന്ദ്ര മഞ്ജുദര്‍ ആണ് ഈ വര്‍ഷത്തെ ഫെസ്റ്റിവല്‍ ഡയറക്ടര്‍. റവന്യൂമന്ത്രി കെ രാജന്‍ മുഖ്യ രക്ഷാധികാരിയായും സംഘാടക സമിതി ചെയര്‍മാനായും പ്രവര്‍ത്തിക്കുന്ന സമിതിയില്‍ മുഖ്യ രക്ഷാധികാരിയായി തൃശൂര്‍ മേയര്‍ എം കെ വര്‍ഗ്ഗീസ്, ജോയിന്റ് കോര്‍ഡിനേറ്റര്‍ ആയി ഡെപ്യൂട്ടി മേയര്‍ രാജശ്രി ഗോപന്‍, പി ബാലചന്ദ്രന്‍ എം എല്‍ എ കണ്‍വീനര്‍ ആയും ചെറിയാന്‍ ജോസഫ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആയും പ്രവര്‍ത്തിക്കുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു, മന്ത്രി കെ രാധകൃഷ്ണന്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് തുടങ്ങിയവര്‍ മുഖ്യ രക്ഷാധികാരികളാണ്.

