മോട്ടോർ വാഹന നികുതി വർധിപ്പിക്കാൻ ബജറ്റിൽ നിർദേശം; പഴയ വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം വർധിപ്പിക്കും

തിരുവനന്തപുരം: മോട്ടോർ വാഹന നികുതി വർധിപ്പിക്കാൻ ബജറ്റിൽ നിർദേശം. 15 വർഷത്തിന് മുകളിലുള്ള പഴയ വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം വർദ്ധിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി അറിയിച്ചു. 2 ലക്ഷം രൂപ വരെയുള്ള മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ മോട്ടോർ വാഹന നികുതി 1 ശതമാനം വർദ്ധിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ ഒരു ലക്ഷം രൂപവരെ വിലയുള്ള ഇരുചക്രവാഹങ്ങൾക്ക് 10 ശതമാനവും അതിന് മുകളിൽ രണ്ട് ലക്ഷം വരെ വിലയുള്ളവയ്ക്ക് 12 ശതമാനവും രണ്ട് ലക്ഷത്തിന് മുകളിൽ 21 ശതമാനവുമാണ് നികുതി.

രണ്ട് ലക്ഷം രൂപ വരെ വിലയുള്ള മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതി ഒരു ശതമാനം വർധിപ്പിക്കാനാണ് ബജറ്റിൽ നിർദേശം . ഇത്തരത്തിൽ നികുതി വർധിപ്പിക്കുന്നതിലൂടെ പ്രതിവർഷം 60 കോടി രൂപ അധിക വരുമാനം ലഭിക്കുമെന്നാണ് ധനമന്ത്രി നിയമസഭയെ അറിയിച്ചത്.

ബജറ്റിലെ നിർദേശം അനുസരിച്ച് പഴയ വാഹനങ്ങളുടെ ഹരിത നികുതി 50 ശതമാനം വർധിപ്പിക്കാനാണ് സർക്കാർ നീക്കം. മുച്ചക്ര വാഹനങ്ങൾ, സ്വകാര്യ മോട്ടോർ വാഹനങ്ങൾ, ഇടത്തരം മോട്ടോർ വാഹനങ്ങൾ, ഹെവി മോട്ടോർ വാഹനങ്ങൾ, മറ്റ് ഡീസൽ വാഹനങ്ങൾ എന്നിവയ്ക്കാണ് ഹരിത നികുതി ഏർപ്പെടുത്തുന്നത്. ഏകദേശം 10 കോടി രൂപയുടെ അധിക വരുമാനം ഇതിലൂടെ ലഭിക്കുമെന്ന് വിലയിരുത്തപ്പെടുന്നു.