ബംഗളൂരു ചലച്ചിത്രമേളയില്‍ തിളങ്ങി ‘മേപ്പടിയാന്‍’

ബംഗളൂരു അന്തര്‍ദേശീയ ചലച്ചിത്രമേളയില്‍ ഉണ്ണി മുകുന്ദന്‍ നായകനായെത്തിയ മലയാള ചിത്രം മേപ്പടിയാന് 2021ലെ മികച്ച ഇന്ത്യന്‍ സിനിമയ്ക്കുള്ള പുരസ്‌കാരം. നൂറിലധികം ചിത്രങ്ങളെ പിന്തള്ളിയാണ് മേപ്പടിയാന്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കര്‍ണ്ണാടക ഗവര്‍ണര്‍ തവാര്‍ ചന്ദ് ഗെഹ്‌ലോട്ടില്‍ നിന്നും ഉണ്ണി മുകുന്ദനും സംവിധായകന്‍ വിഷ്ണു മോഹനും ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. മേപ്പടിയാന്റെ ഭാഗമായ ഓരോരുത്തര്‍ക്കും അഭിമാന നിമിഷമാണ് ഇത്. ചിത്രത്തെ പിന്തുണച്ച എല്ലാവര്‍ക്കും നന്ദി- ഉണ്ണി മുകുന്ദന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മ്മിച്ച ചിത്രം കൂടിയാണ് മേപ്പടിയാന്‍. ആക്ഷന്‍ ഹീറോ പരിവേഷത്തില്‍ നിന്ന് വേറിട്ട് ഉണ്ണിമുകുന്ദന്‍ കുടുംബനായകനായി എത്തിയ ചിത്രമാണ് മേപ്പടിയാന്‍. ജനുവരി 14ന് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച ബോക്‌സ് ഓഫീസ് കളക്ഷന്‍ നേടി.

അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക. സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, കോട്ടയം രമേശ്, നിഷ സാരംഗ്, ശങ്കര്‍ രാമകൃഷ്ണന്‍, കലാഭവന്‍ ഷാജോണ്‍, അപര്‍ണ്ണ ജനാര്‍ദ്ദനന്‍, ജോര്‍ഡി പൂഞ്ഞാര്‍, കുണ്ടറ ജോണി, മേജര്‍ രവി, ശ്രീജിത്ത് രവി, പൗളി വില്‍സണ്‍, കൃഷ്ണ പ്രദാസ്, മനോഹരി അമ്മ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്.