തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റ് അവതരണം ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിക്കുകയാണ്. കൊവിഡ് പ്രതിസന്ധികളാല്‍ ആടിയുലഞ്ഞ കേരളം ഒന്നടങ്കം ഉറ്റുനോക്കുകയാണ് സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങളെ. കാര്‍ഷിക രംഗത്ത് വിവിധ പദ്ധതികളാണ് ബജറ്റില്‍ കൊണ്ടുവന്നിരിക്കുന്നത്.
കാര്‍ഷിക രംഗത്തെ പ്രധാന പ്രഖ്യാപനങ്ങള്‍
1. മൂല്യവര്‍ദ്ധിത കാര്‍ഷിക മിഷന്‍ സ്ഥാപിക്കും.
2.പ്ലാന്റേഷന്‍ മേഖലയില്‍ പ്രതിസന്ധി പരിഹരിക്കും. പ്ലാന്റേഷന്‍ നിര്‍വചനത്തിന്റെ പരിധിയില്‍ റബര്‍, കാപ്പി, തേയില എന്നിവക്കൊപ്പം പുതിയ വിളകള്‍ കൂടി ഉള്‍പ്പെടുത്തും. റബര്‍ സബ്സിഡിക്കായി 500 കോടി രൂപ വകയിരുത്തും. റബറിന്റെ വിലയും ഉല്‍പ്പാദനവും വില്‍പ്പനയും വര്‍ദ്ധിപ്പിക്കും. റബറൈസ്ഡ് റോഡുകള്‍ കൂടുതല്‍ നിര്‍മിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പും കിഫ്ബിയും ഏറ്റെടുക്കുന്ന റോഡ് നിര്‍മാണങ്ങളില്‍ ടാറിനൊപ്പം റബര്‍ മിശ്രിതങ്ങളും കൂടി ചേര്‍ക്കുന്ന പദ്ധതിക്കായി ഈ വര്‍ഷം 50 കോടി രൂപ മാറ്റിവയ്ക്കും.
3.കാര്‍ഷിക ഉപകരണങ്ങളും യന്ത്രങ്ങളും വാങ്ങുന്നതിനായി സ്വയം തൊഴില്‍ കാര്‍ഷിക ഗ്രൂപ്പുകള്‍ക്ക് 50 ലക്ഷം രൂപ വരെ വായ്പ നല്‍കും. ഇതില്‍ 25 ശതമാനമോ പത്ത് ലക്ഷം രൂപയോ ഏതാണോ കുറവ് അത് സബ്സിഡിയായി നല്‍കാന്‍ കഴിയുന്ന പദ്ധതി രൂപീകരിക്കും. ഇതിനായി 20 കോടി രൂപ അനുവദിക്കും.
4.ഇന്ത്യയിലും മറ്റ് രാജ്യങ്ങളിലും ഉപയോഗിച്ചു വരുന്ന പുതിയ സാങ്കേതിക വിദ്യകള്‍ മനസിലാക്കുന്നതിനും ബെസ്റ്റ് പ്രാക്ടീസസ് ഇന്‍ അഗ്രികള്‍ച്ചര്‍ മനസിലാക്കുന്നതിനും സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവസരം നല്‍കുന്ന പദ്ധതിക്കായി രണ്ട് കോടി രൂപ അനുവദിക്കും.
5.കാര്‍ഷിക മേഖലയിലെ നിരവധി ഉപകരണങ്ങള്‍ നിര്‍മിക്കുന്ന സ്ഥാപനമായ കേരള അഗ്രോ മിഷനറി കോര്‍പ്പറേഷന്‍ എന്ന സ്ഥാപനത്തിനായി മൂലധന നിക്ഷേപമായി അഞ്ച് കോടി രൂപ നീക്കി വയ്ക്കും.

