സ്ത്രീധനം ചോദിക്കുന്നവർക്കും കൊടുക്കുന്നവർക്കുമെതിരെ പരാതി നൽകാം; ഓൺലൈൻ പോർട്ടലുമായി സർക്കാർ

തിരുവനന്തപുരം: സ്ത്രീധനം ചോദിക്കുന്നവർക്കും കൊടുക്കുന്നവർക്കുമെതിരെ പരാതി നൽകുന്നതിനായി ഓൺലൈൻ പോർട്ടലുമായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. നിയമപരമായ കരാറുകൾ പാലിച്ച് ഒരുമിച്ച് ജീവിതം പങ്കിടാമെന്ന മുതിർന്ന രണ്ടു വ്യക്തികളുടെ തീരുമാനമാണ് വിവാഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അതിനെ പണമിടപാടാക്കി അവഹേളിക്കുകയും സ്ത്രീകളുടെ സാമൂഹിക പദവി ഇടിക്കുകയും ചെയ്യുന്ന സ്ത്രീധന സമ്പ്രദായമെന്ന അനാചാരം ഇന്നും നിലനിൽക്കുന്നു എന്നത് അപമാനകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

നിയമവിരുദ്ധമായ ഈ സമ്പ്രദായത്തിന്റെ പേരിൽ സ്ത്രീകൾ പീഡനം നേരിടേണ്ടി വരുന്നത് അവസാനിപ്പിക്കാൻ വലിയ തോതിലുള്ള സാമൂഹിക ഇടപെടൽ ഉണ്ടാകേണ്ടതുണ്ട്. അതോടൊപ്പം തന്നെ നിയമപരമായി കൂടുതൽ ഫലപ്രദമായി അതിനെ നേരിടാൻ സാധിക്കുക എന്നതും അനിവാര്യമാണ്. ഈ ലക്ഷ്യം മുൻനിർത്തിയാണ് സ്ത്രീധനത്തിനെതിരെയുള്ള പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള വെബ് പോർട്ടൽ( http://wcd.kerala.gov.in/dowry) പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

ഈ പോർട്ടൽ മുഖേന വ്യക്തികൾക്കോ, പൊതുജനങ്ങൾക്കോ, സംഘടനകൾക്കോ സ്ത്രീധനം വാങ്ങുന്നതിനും നൽകുന്നതിനും എതിരെ പരാതി സമർപ്പിക്കാവുന്നതാണ്. ജില്ലാ സ്ത്രീധന നിരോധന ഓഫീസർക്ക് ലഭിക്കുന്ന പരാതിയിന്മേൽ തുടർനടപടിക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകാനും മുഖ്യ സ്ത്രീധന നിരോധന ഓഫീസർക്ക് പരാതി തീർപ്പാക്കുന്നതിന്റെ പുരോഗതി വിലയിരുത്താനും ഈ പോർട്ടൽ വഴി സാധിക്കും. സ്ത്രീധനമെന്ന സാമൂഹ്യ വിപത്തിനെ തുടച്ചു നീക്കാനുള്ള ശ്രമങ്ങൾക്ക് പുതിയ ഊർജ്ജം നൽകാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. ഈ സംവിധാനം ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്താനും സ്ത്രീധന സമ്പ്രദായം തുടച്ചു നിക്കാൻ മുന്നിട്ടിറങ്ങാനും ഏവരോടും അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.