കെഎസ്ആർടിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ജീവനക്കാർക്ക് ശമ്പളം നൽകിയില്ല

തിരുവനന്തപുരം: കെഎസ്ആർടിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ഇതുവരെ ജീവനക്കാർക്ക് ശമ്പളം ലഭിച്ചിട്ടില്ല. ആകെ പത്തു കോടി രൂപയാണ് കെഎസ്ആർടിസി മാനേജ്‌മെന്റിന്റെ കൈവശമുള്ളത്. എന്നാൽ ശമ്പളം നൽകാൻ ഇതിന്റെ പത്തിരട്ടിയോളം തുക ആവശ്യമാണ്. വായ്പയെടുത്ത് ജീവനക്കാർക്ക് ശമ്പളം നൽകാനാണ് കെഎസ്ആർടിസി ഇപ്പോൾ പദ്ധതിയിടുന്നത്. 50 കോടി രൂപയായിരിക്കും കടമെടുക്കുക.

പ്രതിസന്ധി മറികടക്കാൻ 50 കോടി രൂപ നൽകണമെന്ന് കെഎസ്ആർടിസി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്നുദിവസം ഡീസൽ വില കൊടുക്കാതെ പിടിച്ചു വെച്ചാൽ ശമ്പളത്തിന് ഉള്ള പണം കണ്ടെത്താനാകുമെന്നാണ് മാനേജമെന്റിന്റെ പ്രതീക്ഷ. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ വൻകിട ഉപഭോക്താക്കൾക്കുള്ള ഡീസൽ വില കുത്തനെ ഉയർത്തിയത് കെഎസ്ആർസിയ്ക്ക് തിരിച്ചടി ഉണ്ടാക്കിയിട്ടുണ്ട്. ഒരു ലിറ്റർ ഡീസലിന് 98.15 രൂപയാണ് ഇപ്പോൾ കെഎസ്ആർടിസി നൽകുന്നത്. സ്വകാര്യ പമ്പുകൾക്ക് 91.42 രൂപയ്ക്ക് ഡീസൽ ലഭിക്കുമ്പോഴാണ് കെഎസ്ആർടിസി ഇത്രയും തുക നൽകേണ്ടി വരുന്നത്.

ലിറ്ററിന് 6.73 രൂപയുടെ അധിക ബാധ്യതയാണ് കെഎസ്ആർടിസിക്കുണ്ടാകുന്നത്. ഒരു ദിവസം അഞ്ചര ലക്ഷം ലിറ്റർ ഡീസലാണ് കെഎസ്ആർടിസി ഉപയോഗിക്കുന്നത്. ഒരു ദിവസം 37 ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് ഇതുവഴി കെഎസ്ആർടിസിയ്ക്ക് ഉണ്ടാകുന്നത്. ഒരു മാസം ഇതേ നിരക്കിൽ എണ്ണ വാങ്ങേണ്ടി വന്നാൽ ഡീസലിന് മാത്രം 11.10 കോടി രൂപ കെഎസ്ആർടിസി അധികം മുടക്കേണ്ടി വരും.