കെ-റെയില്‍: കല്ലിടല്‍ തടയുന്നതിനിടെ വൈദികനും അമ്മക്കും നേരെ പോലീസ് കയ്യേറ്റം

ചെങ്ങന്നൂര്‍: കെ-റെയില്‍ പദ്ധതിയുടെ കല്ലിടല്‍ തടയുന്നതിനിടെ മുളക്കുഴയില്‍ വൈദികനെയും മാതാവിനെയും പോലീസ് കയ്യേറ്റം ചെയ്തതായി സമരക്കാരുടെ പരാതി. മുളക്കുഴ തെക്ക് പൂപ്പന്‍കര മോടി തച്ചിലേത്ത് ഭാഗത്ത് കല്ലിടുന്നതിനിടെ മുളക്കുഴ തെക്ക് തോട്ടിയാട്ട് ഫാ. മാത്യു വര്‍ഗീസിനെയും (29) അമ്മ മേരി വര്‍ഗീസിനെയും (65) പോലീസ് കയ്യേറ്റം ചെയ്തെന്നാണു പരാതി.

തന്റെ വീട്ടുപുരയിടത്തില്‍ ഇന്നലെ വൈകിട്ട് കല്ലിടുന്നതു തടഞ്ഞപ്പോള്‍ പോലീസ് പിടിച്ചുവലിച്ചതിനാല്‍ താനും അമ്മയും നിലത്തു വീണെന്ന് ഫാ. മാത്യു വര്‍ഗീസ് വ്യക്തമാക്കി. തിരുച്ചിറപ്പള്ളി സെന്റ് തോമസ് ഓര്‍ത്തഡോക്സ് ഇടവക വികാരിയാണ് ഫാ. മാത്യു. വൈദികനെ പോലീസ് മര്‍ദ്ദിക്കുകയും വലിച്ചിഴക്കുകയും ചെയ്തെന്നാണ് ഓര്‍ത്തഡോക്സ് സഭ ഭദ്രാസന കൗണ്‍സിലിന്റെ ആരോപണം.