ഇന്ത്യയുടെ നയതന്ത്ര വിജയം; ഓപ്പറേഷൻ ഗംഗ ദൗത്യം അവസാന ഘട്ടത്തിലേക്ക്

കീവ്: യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനായി ആവിഷ്‌ക്കരിച്ച ഓപ്പറേഷൻ ഗംഗ ദൗത്യം വിജയകരമായി പൂർത്തിയാകും. സുമിയിൽ നിന്നും രക്ഷപ്പെടുത്തിയ ഇന്ത്യക്കാർ കൂടി രാജ്യത്തേക്ക് തിരിച്ചെത്തുന്നതോടെയാണ് ഓപ്പറേഷൻ ഗംഗ ദൗത്യം വിജയകരമായി പൂർത്തിയാകുന്നത്. ഇന്ത്യൻ എംബസിയുടെയും റെഡ് ക്രോസിന്റെയും സഹായത്തോടെ 12 ബസുകളിലായി സുമിയിൽ നിന്നുള്ള 694 വിദ്യാർത്ഥികളെ പോൾട്ടോവയിലേക്കും തുടർന്ന് ല്വിവിലേക്കും അവിടെനിന്ന് പോളണ്ടിലേക്കും കൊണ്ടുപോയി.

ഈ വിദ്യാർത്ഥികളുമായി മൂന്നു പ്രത്യേക വിമാനങ്ങൾ ഉടൻ ഇന്ത്യയിലേക്ക് പുറപ്പെടും. ഇരുന്നൂറോളം മലയാളികൾ ഈ സംഘത്തിൽ ഉൾപ്പെട്ടതായാണ് റിപ്പോർട്ടുകൾ. റൊമാനിയ വഴി എണ്ണായിരംപേരെ ഒഴിപ്പിക്കാനുള്ള ദൗത്യം പൂർത്തിയായി. അവസാന സംഘത്തിലെ 155 പേരുമായി അവിടെ രക്ഷാദൗത്യത്തിന് നേതൃത്വം കൊടുത്ത കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇന്ത്യയിലേക്ക് പുറപ്പെട്ടു. ഹങ്കറി, മൊൽഡോവ, സ്‌ളൊവാക്യ എന്നീ രാജ്യങ്ങൾ വഴിയുള്ള ഒഴിപ്പിക്കലും പൂർത്തിയായിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലാണ് രക്ഷാപ്രവർത്തനം കൂടുതൽ വേഗത്തിലാക്കിയത്. യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്‌കിയുമായും റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിനുമായി അദ്ദേഹം നിരവധി തവണ ചർച്ചകൾ നടത്തിയിരുന്നു.

അതേസമയം, യുക്രൈനിലുണ്ടായ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥിയുടെ മൃതദേഹം ഇതുവരെ നാട്ടിലെത്തിക്കാൻ കഴിഞ്ഞിട്ടില്ല.