ഷെയ്ന്‍ വോണിന്റെ സംസ്‌കാരം മാര്‍ച്ച് 30ന് മെല്‍ബണ്‍ ഗ്രൗണ്ടില്‍

സ്പിന്‍ വിസാര്‍ഡ് ഷെയ്ന്‍ വോണിന്റെ സംസ്‌ക്കാരം മാര്‍ച്ച് 30 ന് വൈകുന്നേരം മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തായ്ലന്‍ഡിലെ വില്ലയില്‍ വോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. മെല്‍ബണ്‍ ഗ്രൗണ്ടില്‍ നടക്കുന്ന ഔദ്യോഗിക സംസ്‌കാര ചടങ്ങുകള്‍ക്ക് മുന്നോടിയായി കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുക്കുന്ന സംസ്‌കാര ചടങ്ങ് നടത്തുമെന്ന് വോണിന്റെ കുടുംബം വ്യക്തമാക്കി.

വോണിന്റെ മരണത്തിലോ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലോ അസ്വാഭാവികത ഒന്നുമില്ലെന്നും ഹൃദയാഘാതം തന്നെയാണ് മരണ കാരണമെന്നും തായ് പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. തായ്ലന്‍ഡില്‍ വോണ്‍ താമസിച്ച കോഹ് സാമൂയിയിലെ വില്ലയില്‍ നിന്ന് ഞായറാഴ്ച സുറത് താനിയില്‍ എത്തിച്ച മൃതദേഹം തിങ്കളാഴ്ച രാത്രി തലസ്ഥാനമായ ബാങ്കോക്കിലെത്തിച്ച ശേഷം അവിടെ നിന്ന് മെല്‍ബണിലേക്ക് കൊണ്ടുപോവുകയായിരുന്നു.

ഓസ്ട്രേലിയയ്ക്കായി 145 ടെസ്റ്റുകളും 194 ഏകദിനങ്ങളും കളിച്ച വോണ്‍ ഫോര്‍മാറ്റുകളിലായി 1000-ലധികം അന്താരാഷ്ട്ര വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. കൂടാതെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായിരുന്നു. ടെസ്റ്റ് ചരിത്രത്തില്‍ ഫോര്‍മാറ്റില്‍ 700 വിക്കറ്റ് വീഴ്ത്തുന്ന ആദ്യ ബൗളറായിരുന്നു അദ്ദേഹം, 1999 ലെ ഓസ്ട്രേലിയയുടെ ലോകകപ്പ് വിജയത്തില്‍ ഒരു പ്രധാന പങ്ക് വഹിച്ചു.