കൊച്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്ത് വിരമിക്കല്‍ പ്രഖ്യാപിച്ചു. എല്ലാവിധ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കുകയാണെന്നും താരം ട്വിറ്ററിലൂടെ അറിയിച്ചു. കുടുംബത്തെയും ടീമംഗങ്ങളെയും ജനങ്ങളെയും പ്രതിനിധീകരിച്ച് രാജ്യത്തിനു വേണ്ടി കളിക്കാനായതില്‍ അഭിമാനമുണ്ടെന്ന് എസ്. ശ്രീശാന്ത് പറഞ്ഞു. വിഷമത്തോടെയാണ് തീരുമാനമെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമില്‍ ഇടം നേടിയ 39 കാരനായ ശ്രീശാന്ത് മധ്യപ്രദേശിനെതിരായ മത്സരത്തിന് മുമ്പ് പരിശീലനത്തിനിടെ കാലിന് ഗുരുതര പരിക്കേറ്റ് പിന്‍വാങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം. ഏറെനാളുകള്‍ക്ക് ശേഷമാണ് ഫസ്റ്റ്ക്‌ളാസ് ക്രിക്കറ്റില്‍ ശ്രീശാന്ത് കളിച്ചത്. മേഘാലയക്കെതിരായ മത്സരത്തില്‍ 12 ഓവറില്‍ 40 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി.
ഇന്ത്യയ്ക്ക് വേണ്ടി 27 ടെസ്റ്റുകളിലായി 87 വിക്കറ്റുകളും 53 ഏകദിനങ്ങളില്‍ 75 വിക്കറ്റും 10 ടി20കളില്‍ ഏഴ് വിക്കറ്റുകളും നേടി. 2007ലെ ടി20 ലോകകപ്പ് ഫൈനലില്‍ പാക് നായകന്‍ മിസ്ബാ ഉള്‍ ഹക്കിന്റെ ക്യാച്ചെടുത്ത് ഇന്ത്യന്‍ വിജയത്തിന് നിര്‍ണായക പങ്ക് വഹിച്ചത് ശ്രീശാന്താണ്. ഇന്ത്യ ലോകചാമ്പ്യന്മാരായ 2011 ഏകദിന ലോകകപ്പിലും ശ്രീശാന്ത് ഭാഗമായിരുന്നു.

