പാഴ്‌വസ്തുക്കളുടെ ശേഖരണത്തിനായി ‘ആക്രി കട’; ആപ്ലിക്കേഷൻ പുറത്തിറക്കി വ്യവസായ മന്ത്രി

തിരുവനന്തപുരം: കേരള സ്‌ക്രാപ്പ് മെർച്ചന്റ്‌സ് അസോസിയേഷൻ പാഴ്‌വസ്തുക്കളുടെ ശേഖരണത്തിനായി തയ്യാറാക്കിയ ‘ആക്രി കട’ മൊബൈൽ ആപ്ലിക്കേഷനും വെബ്‌സൈറ്റും ഉദ്ഘാടനം ചെയ്തു. വ്യവസായ മന്ത്രി പി രാജീവാണ് ആപ്ലിക്കേഷന്റെ ഉദ്ഘാടനം നിർവ്വഹിച്ചത്. വളരെ നൂതനമായ രീതിയിൽ തയ്യാറാക്കിയ ആപ്ലിക്കേഷൻ പൊതുജനങ്ങൾക്കും സംസ്ഥാനത്തിനും ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.

സംസ്ഥാനത്താകെയുള്ള പാഴ്‌വസ്തുക്കൾ ശേഖരിക്കാൻ ആക്രി കട ആപ്പ് സഹായകമാകുമെന്നുറപ്പാണ്. ഇങ്ങനെ സംഭരിക്കുന്ന പാഴ്‌വസ്തുക്കൾ പരിസ്ഥിതിക്ക് ദോഷം വരാത്ത രീതിയിൽ പുനരുപയോഗ സാധ്യമാക്കാനും സാധിക്കണം. സംഘടനയുടെ ഭാഗമായി പാഴ്‌വസ്തുക്കൾ ശേഖരിക്കാൻ വരുന്നവർക്ക് ടാഗും യൂണിഫോമും ഉണ്ടാകുന്നതിലൂടെ ജനങ്ങളുടെ വിശ്വാസ്യത ആർജ്ജിക്കാൻ സാധിക്കും. പൊതുജനങ്ങൾക്കും എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്ന ആപ്ലിക്കേഷൻ സംസ്ഥാനത്തെ മാലിന്യപ്രശ്‌നങ്ങൾക്കും ഒരു പരിധി വരെ പരിഹാരം കാണുന്നതിന് സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.