ഓപ്പറേഷൻ ഗംഗ അവസാനഘട്ടത്തിൽ; എല്ലാവരുടെയും സുരക്ഷയ്ക്കാണ് പ്രാധാന്യം നൽകിയതെന്ന് വി മുരളീധരൻ

covid

ന്യൂഡൽഹി: യുക്രൈനിലെ യുദ്ധഭൂമിയിൽ നിന്ന് 20000 ത്തിലധികം ആളുകളെ സുരക്ഷിതമായി ഒഴിപ്പിച്ച് ഇന്ത്യയിലെത്തിക്കാൻ കഴിഞ്ഞുവെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. സുമിയിൽ കുടുങ്ങിയിരുന്ന മുഴുവൻ വിദ്യാർഥികളും ഏതാനും മണിക്കൂറുകൾക്കകം തീവണ്ടിയിൽ ലിവീവിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

എല്ലാവരേയും എത്രയും വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പുകൾ ഒരുക്കിയിട്ടുണ്ട്. സുമിയിൽ നിന്നുള്ളവർകൂടി നാട്ടിലെത്തുന്നതോടെ ഓപ്പറേഷൻ ഗംഗ അവസാനിക്കും. യുദ്ധ ഭൂമിയിൽ കുടുങ്ങിയ വിദ്യാർഥികൾ കഷ്ടപ്പെട്ടുവെന്നത് വസ്തുതയാണ്. എന്നാൽ അവരുടെയെല്ലാം സുരക്ഷയ്ക്കാണ് കേന്ദ്രസർക്കാർ ഏറ്റവും പ്രാധാന്യം നൽകിയതെന്ന് അദ്ദേഹം അറിയിച്ചു.

എല്ലാവരുടെയും സുരക്ഷ ഉറപ്പുവരുത്താൻ ഇന്ത്യയുടെ നയതന്ത്ര ശേഷിക്ക് സാധ്യമായി. ഇതാദ്യമായല്ല രാജ്യത്തിന്റെ നയതന്ത്ര ശേഷി പ്രകടമാകുന്നത്. മുൻപ് ഇറാഖിലെ യുദ്ധഭൂമിയിൽ നിന്ന് ഇതേ സാഹചര്യത്തിൽ മലയാളികൾ അടക്കമുള്ള നഴ്സുമാരെ ഇന്ത്യയുടെ നയതന്ത്ര ശേഷിയിലൂടെ തിരികെയെത്തിക്കാൻ സാധിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഓപ്പറേഷൻ ഗംഗയുടെ ഇപ്പോഴത്തെ ഘട്ടം അവസാനിക്കും. തിരിച്ചെത്തിയ വിദ്യാർഥികളുടെ തുടർ വിദ്യാഭ്യാസം ഉൾപ്പെടെയുള്ള വിഷയത്തെ കുറിച്ച് അടുത്ത ഘട്ടത്തിൽ ആലോചിച്ച് തീരുമാനിക്കും. ഇന്ത്യയിലേക്ക് തിരിച്ചുവരാനായി രജിസ്റ്റർ ചെയ്ത ആരും ഇനി യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് വിവരം. വ്യവസായിക താത്പര്യങ്ങളും മറ്റുമുള്ള ഇന്ത്യക്കാർ ഇനിയും യുക്രൈനിലുണ്ടാകാം. അവർ തിരിച്ചുവരാൻ ആഗ്രഹം പ്രകടിപ്പിക്കാത്തതിനാൽ ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകില്ലെന്നും അദ്ദേഹം വിശദമാക്കി.

യുക്രൈനിൽ നിന്ന് ഇന്ത്യയിലേക്ക് തിരികെ എത്താൻ രജിസ്റ്റർ ചെയ്തവരുടെ എണ്ണം 20000ത്തിൽ താഴെയായിരുന്നു. എന്നാൽ 20000 ത്തിൽ അധികം പേരെ യുക്രൈനിൽ നിന്ന് ഒഴിപ്പിച്ച് നാട്ടിലെത്തിക്കാൻ സാധിച്ചുവെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.