യുപിഐ സേവനം സാദാ ഫോണുകളിലും; പുത്തന്‍ സംവിധാനവുമായി റിസര്‍വ് ബാങ്ക്‌

ന്യൂഡല്‍ഹി: ഗൂഗിള്‍ പേ, ഫോണ്‍ പേ പോലുള്ള ആപ്പുകള്‍ വഴി സ്മാര്‍ട്ട് ഫോണുകളില്‍ പണമിടപാടുകള്‍ നടത്തിയിരുന്ന യുപിഐ സേവനം സാധാരണ ഫോണുകളിലും ലഭ്യമാകുന്ന പുതിയ സംവിധാനം റിസര്‍വ് ബാങ്ക് പുറത്തിറക്കി. യുപിഐ ‘123പേ’ എന്നു പേരിട്ടിരിക്കുന്ന ഈ സേവനം ഉപയോഗിക്കാന്‍ ഇന്റര്‍നെറ്റിന്റെ ആവശ്യമില്ല.

ഇന്ത്യയില്‍ നിലവിലുള്ള 40 കോടി ഫീച്ചര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഈ സേവനം ഉപകാരപ്പെടുമെന്നാണ് റിസര്‍വ് ബാങ്ക് അവകാശപ്പെടുന്നത്. ഇതുവഴി സമൂഹത്തിലെ ദുര്‍ബലമായ ഒരു വിഭാഗത്തിന് ഡിജിറ്റല്‍ പേയ്‌മെന്റ് മേഖലയിലേക്ക് പ്രവേശനം ലഭിക്കും. ഇത് സാമ്പത്തിക മേഖലയിലേക്ക് വലിയൊരു വിഭാഗത്തെ കൈപിടിച്ചുയര്‍ത്തുകയും ചെയ്യുമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു.

ഇന്ററാക്ടീവ് വോയിസ് റെസ്പോണ്‍സ് (ഐവിആര്‍) നമ്പര്‍, മിസ് കോള്‍ സംവിധാനം, ഫീച്ചര്‍ ഫോണിലെ ആപ്പ് പ്രവര്‍ത്തനം, പ്രോക്‌സിമിറ്റി ശബ്ദാധിഷ്ഠിത പേയ്‌മെന്റ് എന്നീ നാലു സാങ്കേതിക വിദ്യകളുപയോഗിച്ച് യുപിഐ 123 പേ വഴി ഇന്റര്‍നെറ്റ് ഇല്ലാതെ പണമിടപാട് നടത്താം. പണമിടപാട്, ബില്‍ അടയ്ക്കല്‍, ഫാസ്റ്റ് ടാഗ് റീച്ചാര്‍ജിംഗ്, ബാങ്ക് അക്കൗണ്ട് ബാലന്‍സ് ചെക്ക് ചെയ്യല്‍ തുടങ്ങി മറ്റ് യുപിഐ ആപ്പുകളില്‍ ലഭിക്കുന്ന എല്ലാ സേവനങ്ങളും ഇതിലും ലഭിക്കും. ഈ സംവിധാനത്തിന് മുഴുവന്‍ സമയ പിന്തുണയ്ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ്പ് ലൈനും റിസര്‍വ് ബാങ്ക് ആരംഭിച്ചിട്ടുണ്ട്. ഡിജി ശക്തി എന്ന പേരില്‍ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ഇതിനായി ഹെല്‍പ്പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്. 14431, 1800, 891, 3333 എന്നീ നമ്പറുകളില്‍ സഹായം തേടാം.