വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ വിജയത്തുടര്‍ച്ചക്കായി ഇന്ത്യ നാളെ ഇറങ്ങും. ഹാമില്‍ട്ടണിലെ സെഡോണ്‍ പാര്‍ക്കില്‍ നാളെ രാവിലെ 6:30 ന് നടക്കുന്ന മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും.
ആദ്യ മത്സരത്തില്‍ പാകിസ്ഥാനെ തകര്‍ത്ത മിതാലിയും സംഘവും ഇത്തവണയും ആത്മവിശ്വാസത്തിലാണ്. മത്സരത്തില്‍ മുന്‍ നിര ബാറ്റിംഗ് ചീട്ടു കൊട്ടാരം പോലെ തകര്‍ന്നടിഞ്ഞപ്പോള്‍ നങ്കൂരമിട്ട് കളിച്ച് രക്ഷകരായത് സ്‌നേഹ് റാണയും പൂജ വസ്ട്രാക്കറുമാണ്. രാജേശ്വരി ഗെയ്ക്ക് വാദും ജൂലന്‍ ഗോസ്വാമിയും അടങ്ങുന്ന ബോളിംഗ് നിര തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുക്കുന്നത്. ക്യാപ്ടന്‍ മിതാലി രാജും വൈസ് ക്യാപ്ടന്‍ ഹര്‍മന്‍ പ്രീതും വെടിക്കെട്ട് ബാറ്റര്‍ ഷഫാലി വെര്‍മയും ഫോം വീണ്ടെടുത്താല്‍ ഇന്ത്യ ആശങ്കപ്പെടേണ്ടതില്ല.
എന്നാല്‍, ആതിഥേയരായ ന്യൂസിലന്‍ഡിനെതിരെയുള്ള മത്സരം ഇന്ത്യന്‍ ടീമിന് നിര്‍ണായകമാകും. സൂസി ബെയിറ്റ്‌സാണ് കീവീസ് ടീമിലെ സൂപ്പര്‍ ബാറ്റര്‍.അമേലിയ കെര്‍ , ക്യാപ്ടന്‍ സോഫി ഡിവൈന്‍ എന്നിവരും ഫോമിലാണ്. മൂര്‍ച്ചയേറിയ ബോളിംഗ് നിരയും ആതിഥേയ ടീമിനുണ്ട്. ഉദ്ഘാടന മത്സരത്തില്‍ വിന്‍ഡീസിനോട് 3 റണ്‍സിന് തോറ്റ ന്യൂസിലന്‍ഡ് ബംഗ്ലാദേശിനെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യയ്‌ക്കെതിരെ പോരിനിറങ്ങുന്നത്.

