തിരുവല്ലം കസ്റ്റഡി മരണം: നടപടി ക്രമങ്ങളില്‍ വീഴ്ച; മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: തിരുവല്ലം കസ്റ്റഡി മരണ കേസില്‍ മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. എസ്ഐ വിപിന്‍, ഗ്രേഡ് എസ്ഐ സജീവന്‍, വൈശാഖ് എന്നിവര്‍ക്കെതിരേയാണ് നടപടി. യുവാവിനെ കസ്റ്റഡിയിലെടുത്ത നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയതിനാണ് സസ്പെന്‍ഷനെന്ന് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ അറിയിച്ചു. സി ഐ ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി.

കസ്റ്റഡിയിലെടുത്ത പ്രതി സുരേഷിനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. എന്നാല്‍, കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാരോപിച്ച് പ്രതിഷേധവുമായി നാട്ടുകാരും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. അതേസമയം, സുരേഷ് മരിച്ചത് ഹൃദയാഘാതം മൂലമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ശരീരത്തില്‍ പരിക്കുകളോ മര്‍ദ്ദിച്ച അടയാളങ്ങളോ ഇല്ല. ചില പാടുകളുണ്ട്. അവ മരണ കാരണമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, കസ്റ്റഡിയില്‍ വെച്ച് പോലീസ് പ്രതിയെ മര്‍ദ്ദിച്ചോ എന്നതില്‍ അന്വേഷണം തുടരുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. ആരോപണവിധേയരായ പോലീസുകാരെ വീണ്ടും ചോദ്യം ചെയ്യുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. തിരുവല്ലം ജഡ്ജികുന്നില്‍ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചതിനാണ് മരിച്ച സുരേഷ് അടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തത്.