ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കൊല്ലപ്പെട്ട കേസില്‍ പ്രതിയായ പേരറിവാളന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. 32 വര്‍ഷത്തെ തടവും നല്ല നടപ്പും കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാറിന്റെ എതിര്‍പ്പ് മറികടന്നും പേരറിവാളന് കോടതി ജാമ്യം നല്‍കിയത്.
പേരറിവാളിന്റെ അപേക്ഷയില്‍ തീരുമാനമെടുക്കാനുള്ള അധികാരം രാഷ്ട്രപതിയ്ക്കാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രം ഹര്‍ജിയെ എതിര്‍ത്തിരുന്നു. കഴിഞ്ഞ ജനുവരിയില്‍ പേരറിവാളന് ചികിത്സാര്‍ത്ഥം പരോള്‍ നീട്ടി തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം ലഭിച്ചത്.
1991 ജൂണിലാണ് പേരറിവാളന്‍ അറസ്റ്റിലാകുന്നത്. വധശിക്ഷയാണു പേരറിവാളനു കോടതി വിധിച്ചത്. 26 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം 2017 ആഗസ്റ്റ് 24നാണ് ആദ്യമായി പരോളിലിറങ്ങിയത്. പിന്നീട് പിതാവിന്റെ അസുഖം, സഹോദരീ പുത്രിയുടെ വിവാഹം, വൃക്കരോഗ ചികിത്സ തുടങ്ങിയ കാരണങ്ങള്‍ക്കായാണ് പരോള്‍ ലഭിച്ചത്. രാജീവ് ഗാന്ധിയെ വധിക്കാന്‍ ഉപയോഗിച്ച ബോംബില്‍ രണ്ടു ബാറ്ററികള്‍ വാങ്ങി നല്‍കി എന്നതാണ് പേരറിവാളന്റെ പേരിലെ കുറ്റം. 2014 ഫെബ്രുവരി 18 ന് അന്നത്തെ ചീഫ് ജസ്റ്റിസ് പി സദാശിവം, ജസ്റ്റിസുമാരായ രഞ്ജന്‍ ഗൊഗോയ്, ശിവകീര്‍ത്തി സിങ് എന്നിവര്‍ ഉള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ച് പേരറിവാളന്റെയും മുരുകന്‍, സന്തന്‍ എന്നീ പ്രതികളുടെയും വധശിക്ഷ ജീവപര്യന്തം തടവായി കുറക്കുകയായിരുന്നു.

