തിരുവനന്തപുരം: രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ ഘടകകക്ഷികളുമായി ചർച്ച നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സിപിഐ, എൻസിപി, ജനതാദൾ എസ് എന്നീ ഘടകകക്ഷികൾ സീറ്റ് ചോദിച്ചെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത് എൽഡിഎഫാണെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന സെക്രട്ടറിയേറ്റിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസിന്റെ വിവാദ പരാമർശത്തെ കുറിച്ചുള്ള മാദ്ധ്യമങ്ങളുടെ ചോദ്യത്തോടും കോടിയേരി പ്രതികരിച്ചു. സി വി വർഗീസിന്റെ പ്രസ്താവനയെ കുറിച്ച് തനിക്കറിയില്ലെന്നും വർഗീസിനോട് തന്നെ ചോദിക്കണമെന്നുമായിരുന്നു ഇതിന് കോടിയേരി നൽകിയ മറുപടി. കെ സുധാകരന് സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് ജീവിതമെന്നും അത് ഒരു നികൃഷ്ട ജീവിയെ കൊല്ലാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് മാത്രമാണെന്നുമായിരുന്നു സി വി വർഗീസിന്റെ പരമാർശം.
അതേസമയം, കൊലപാതക കേസിൽ ശിക്ഷിക്കപ്പെട്ട പ്രതിയെ ഡിവൈഎഫ്ഐ ഭാരവാഹിയാക്കിയതിൽ താൻ പ്രതികരിക്കേണ്ടതില്ലെന്നും കോടിയേരി വ്യക്തമാക്കി. താൻ സിപിഎം സെക്രട്ടറിയാണ്. ഇക്കാര്യത്തിൽ പ്രതികരിക്കേണ്ടത് ഡിവൈഎഫ്ഐ സെക്രട്ടറിയാണെന്നും അതൊരു സ്വതന്ത്ര സംഘടനയാണെന്നും കോടിയേരി കൂട്ടിച്ചേർത്തു.

