തിരുവനന്തപുരം: എച്ച് എല്‍ എല്‍ ലേലവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയക്കാനൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ എച്ച്എല്‍എല്‍ സ്ഥാപനങ്ങളുടെ ലേല നടപടികളില്‍ പങ്കെടുക്കാനും സംസ്ഥാനത്തുള്ള ആസ്തികള്‍ ഏറ്റെടുക്കുന്നതിനും സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനെ ചുമതലപ്പെടുത്തി സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ലേല നടപടികളില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നറിയിച്ച് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കിയതിനെതിരെ പ്രതിഷേധം അറിയിക്കാനാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതുന്നത്.
ഇന്ത്യയില്‍ ലൈഫ്‌കെയര്‍ ഉത്പന്നങ്ങളുടെ നിര്‍മ്മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഈ പൊതുമേഖലാ സ്ഥാപനത്തില്‍ കേന്ദ്രസര്‍ക്കാരിന് 51 ശതമാനം ഓഹരിയാണ് ഉള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 5375 കോടി രൂപയായിരുന്നു കമ്പനിയുടെ ടേണ്‍ ഓവര്‍. ലാഭം 145 കോടിയുമായിരുന്നു. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇതുവരെ 500 കോടി രൂപയാണ് കമ്പനിയുടെ ലാഭം. വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന മിനി രത്‌ന പദവിയിലുള്ള കമ്പനിയാണിത്. അതേസമയം, എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡിന്റെ ആസ്ഥാനം തിരുവനന്തപുരമാണ്. കമ്പനി വില്‍ക്കാനുള്ള തീരുമാനത്തിനെതിരെ എതിര്‍പ്പ് ഉന്നയിച്ച് കേരളം രംഗത്ത് വന്നിരുന്നു. എന്നാല്‍, കേന്ദ്രം തീരുമാനവുമായി മുന്നോട്ട് പോയതോടെ ലേലത്തില്‍ പങ്കെടുത്ത് കമ്പനി ഏറ്റെടുക്കാന്‍ കേരളം തീരുമാനിക്കുകയായിരുന്നു. കേന്ദ്ര സര്‍ക്കാരിന് നേരിട്ട് 51ശതമാനം ഓഹരിയുള്ള സ്ഥാപനങ്ങള്‍ വാങ്ങുന്നതില്‍ സര്‍ക്കാരിനോ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കോ അനുമതിയില്ലെന്നാണ് കേന്ദ്ര ധനകാര്യ മന്ത്രാലയം ഇപ്പോള്‍ വ്യക്തമാക്കുന്നത്.
നവ ലിബറല്‍ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് എച്ച്എല്‍എല്‍ ലൈഫ് കെയര്‍ എന്ന കോടിക്കണക്കിന് രൂപ ലാഭം ഉണ്ടാക്കുന്ന കമ്പനി കേന്ദ്ര സര്‍ക്കാര്‍ വില്‍ക്കുന്നത്. ഈ സ്ഥാപനം ഏറ്റെടുക്കാന്‍ താല്‍പര്യമുണ്ടെന്ന് വ്യക്തമാക്കി മുന്നോട്ട് വന്ന കേരളത്തോട് കേന്ദ്രം മുഖംതിരിച്ചതോടെ രൂക്ഷമായ വാക്‌പോരിനും നിയമപോരാട്ടത്തിലേക്കും ഇത് മാറാന്‍ സാധ്യതയുണ്ട്.

