തൊടുപുഴ: സിപിഎം കൊടുക്കുന്ന ഭിക്ഷയാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ ജീവിതമെന്ന പ്രകോപന പരാമര്‍ശവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് രംഗത്ത്. കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്ട്രീയത്തിനെതിരെ ചെറുതോണിയില്‍ സിപിഎം നടത്തിയ പ്രതിഷേധ സംഗമത്തില്‍ ആയിരുന്നു വര്‍ഗീസിന്റെ വിവാദ പരാമര്‍ശം.
‘സിപിഎം എന്ന പാര്‍ട്ടിയുടെ കരുത്തിനെ സംബന്ധിച്ച് സുധാകരന് ധാരണയുണ്ടാകണം. പിന്നെ പ്രിയപ്പെട്ട കോണ്‍ഗ്രസുകാര്‍ പറയുന്നതെന്താ, കണ്ണൂരില്‍ ഏതാണ്ട് വലിയത് നടത്തി. പ്രിയപ്പെട്ട ഇടുക്കിയിലെ കോണ്‍ഗ്രസുകാരാ നിങ്ങള്‍ കരുതിക്കോ, സുധാകരനെന്ന ഭിക്ഷാംദേഹിക്ക് ഞങ്ങള്‍, സിപിഎം നല്കിയ ദാനമാണ്, ഭിക്ഷയാണ് സുധാകരന്റെ ജീവന്. ഇതിലൊരു തര്‍ക്കവും വേണ്ട. ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താല്‍പ്പര്യമില്ലാത്തതുകൊണ്ടാണ്’- അദ്ദേഹം പറഞ്ഞു.
ഇടുക്കി എഞ്ചിനീയറിങ് കോളേജില്‍ എസ്എഫ്ഐ പ്രവര്ത്തകന് ധീരജിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി നിഖില്‍ പൈലിയെ ന്യായീകരിച്ച് കെ. സുധാകരന് പലതവണ രംഗത്തെത്തിയിരുന്നു. ധീരജിന്റെ കൊലപാതകത്തിന് ശേഷം കോണ്‍ഗ്രസ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പങ്കെടുത്ത സുധാകരന് സിപിഎം നേതാക്കള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. ഇതിന് മറുപടിയായിയായാണ് സിപിഎം ജില്ലാ സെക്രട്ടറിയുടെ വിവാദ പരാമര്‍ശം. എംഎം മണി ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തിരുന്നു.

