തിരുവനന്തപുരം: രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴക്കരുതെന്നാവശ്യപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്നും വളരെ നേരത്തെ തന്നെ വിടപറഞ്ഞിട്ടുള്ളതാണെന്നും ഒരു സാഹചര്യത്തിലും തിരിച്ചുവരവുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ദയവായി രാജ്യസഭാ സീറ്റ് ചർച്ചകളിൽ നിന്നും എന്നെ തീർത്തും ഒഴിവാക്കണമെന്നാണ് തന്റെ അഭ്യർത്ഥനയെന്നും അദ്ദേഹം അറിയിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:
ഒരു അഭ്യർത്ഥന:
ശ്രീ.എ.കെ.ആന്റണി ഒഴിയുന്ന രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് എന്റെ പേര് വലിച്ചിഴക്കരുതെന്ന് അപേക്ഷിക്കുന്നു. പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്നും വളരെ നേരത്തേ തന്നെ ഞാൻ വിടപറഞ്ഞിട്ടുള്ളതാണ്. ഒരു സാഹചര്യത്തിലും ഇനി അതിലേക്കില്ല. അതുകൊണ്ട് ദയവായി രാജ്യസഭാ സീറ്റ് ചർച്ചകളിൽ നിന്നും എന്നെ തീർത്തും ഒഴിവാക്കണമെന്നാണ് എന്റെ അഭ്യർത്ഥന.
സ്നേഹപൂർവ്വം
വി.എം.സുധീരൻ
അതേസമയം, ഇനി രാജ്യസഭയിലേക്ക് മത്സരിക്കാനില്ലെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് എ കെ ആന്റണി അറിയിച്ചിരുന്നു. മത്സരിക്കാനില്ലെന്ന തീരുമാനം ഹൈക്കമാൻഡിനെ അറിയിച്ചെന്നും ഇതുവരെ നൽകിയ അവസരങ്ങൾക്ക് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയ്ക്ക് നന്ദി അറിയിക്കുന്നുവെന്നും എ കെ ആന്റണി വ്യക്തമാക്കിയിരുന്നു. ആന്റണിയ്ക്ക് പകരമായി ആരെ രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്ന് തീരുമാനിക്കാനുള്ള ശ്രമം കോൺഗ്രസ് ആരംഭിച്ചു. കേന്ദ്രമന്ത്രിയും മുൻ കെപിസിസി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രൻ, ഇടത് ചേരി വിട്ട് കോൺഗ്രസിലേക്ക് എത്തിയ ചെറിയാൻ ഫിലിപ്പ്, വി ടി ബൽറാം തുടങ്ങിയ പേരുകളാണ് കോൺഗ്രസിൻരെ പരിഗണനാ പട്ടികയിലുള്ളതെന്നാണ് റിപ്പോർട്ടുകൾ.
കേരളത്തിൽ ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 31 നാണ് നടക്കുക. സഭയിലെ അംഗസംഖ്യ അനുസരിച്ച് രണ്ട് സീറ്റ് എൽഡിഎഫിനും ഒന്ന് യുഡിഎഫിനുമാണ് ലഭിക്കുന്നത്. മാർച്ച് 14ന് വിജ്ഞാപനം ഇറങ്ങും. മാർച്ച് 21 നാണ് നാമനിർദേശ പത്രിക സമർപ്പിക്കേണ്ടത്.

