കേന്ദ്ര സർക്കാർ നന്നായി പരിഗണിച്ചു; യുക്രൈനിൽ നിന്നെത്തിയ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച്ച നടത്തി എം കെ സ്റ്റാലിൻ

ചെന്നൈ: യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർത്ഥികളുമായി കൂടിക്കാഴ്ച നടത്തി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. യുക്രൈനിൽ നിന്നെത്തിയ അഞ്ചോളം വിദ്യാർത്ഥികളുമായാണ് സ്റ്റാലിൻ സംസാരിച്ചു. യുക്രൈനിൽ തങ്ങൾക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് സ്റ്റാലിനോട് വിദ്യാർത്ഥികൾ വിശദീകരിച്ചു. യുക്രൈൻ അതിർത്തി കടന്നപ്പോൾ എല്ലാ സൗകര്യവും ഇന്ത്യൻ സർക്കാർ നൽകിയെന്ന് വിദ്യാർത്ഥികൾ അദ്ദേഹത്തെ അറിയിച്ചു.

ഭക്ഷണവും വെള്ളവും ഉൾപ്പെടെ എല്ലാ സൗകര്യവും സർക്കാർ ഒരുക്കിയെന്നും കേന്ദ്ര സർക്കാർ തങ്ങളെ നന്നായി പരിഗണിച്ചെന്നും വിദ്യാർത്ഥികൾ വെളിപ്പെടുത്തി. ലോകത്തെ മറ്റൊരു രാജ്യത്തിനും അവരുടെ പൗരന്മാരെ യുദ്ധഭൂമിയിൽ നിന്ന് രക്ഷിക്കാൻ ഓപ്പറേഷൻ ഗംഗ പോലൊരു പദ്ധതിയില്ലെന്നും വിദ്യാർത്ഥികൾ കൂട്ടിച്ചേർത്തു.

അതേസമയം, യുക്രൈൻ നഗരമായ സുമിയിൽ കുടുങ്ങിയ എല്ലാ ഇന്ത്യൻ വിദ്യാർഥികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇവരെ ഇന്ത്യയിലേക്ക് തിരികെ എത്തിക്കാൻ ഓപ്പറേഷൻ ഗംഗയുടെ കീഴിലുള്ള വിമാനങ്ങൾ തയ്യാറെടുക്കുകയാണെന്നും വിദേശകാര്യ മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സുമിയിൽ നിന്ന് എല്ലാ ഇന്ത്യൻ വിദ്യാർഥികളെയും ഒഴിപ്പിക്കാൻ കഴിഞ്ഞുവെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ടെന്നും വിദ്യാർത്ഥികൾ നിലവിൽ പോൾട്ടാവയിലേക്കുള്ള യാത്രയിലാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.