ആ കോൾ താനൊരിക്കലും മറക്കില്ല; കെ കെ ശൈലജയെ പ്രശംസിച്ച് നടൻ സൂര്യ

കൊച്ചി: മുൻ ആരോഗ്യമന്ത്രി കെ കെ ശൈലജയെ പ്രശംസിച്ച് തമിഴ് നടൻ സൂര്യ. ശൈലജ ടീച്ചറെ ഒരു റോൾ മോഡലും സൂപ്പർ സ്റ്റാറുമൊക്കെയായാണ് തങ്ങൾ കാണുന്നതെന്ന് സൂര്യ പറഞ്ഞു. ജയ് ഭീം എന്ന ചിത്രം കണ്ട ശേഷം ഷൈലജ ടീച്ചർ വിളിച്ചെന്നും ആ കോൾ താനൊരിക്കലും മറക്കില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

ശൈലജ ടീച്ചർ വിളിച്ചിട്ട് ചിത്രം ഇഷ്ടമായെന്ന് പറഞ്ഞത് തങ്ങൾക്ക് ലഭിച്ച വലിയ അംഗീകാരമാണ്. കൂടുതൽ നല്ല ചിത്രങ്ങൾ ചെയ്യാനുള്ള പ്രചോദനമാണതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ പുതിയ ചിത്രമായ എതർക്കും തുനിന്തവന്റെ പ്രചാരണത്തിനായി കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനചത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

സിനിമയുടെ കാര്യത്തിലായാലും സമൂഹിക മാറ്റത്തിന്റെ കാര്യത്തിലായാലും കേരളം മറ്റു സംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിലാണ്. കേരളം എല്ലാ കാര്യത്തിലും മറ്റുളളവർക്ക് മാതൃകയാണെന്നും സൂര്യ പറഞ്ഞു. ഹൈദരാബാദോ മുംബൈയിലോ എവിടെ പോയാലും മലയാള സിനിമകളെ കുറിച്ചാണ് കൂടുതൽ ചർച്ചകളും നടക്കാറ്. ഗ്രേറ്റ് ഇന്ത്യൻ കിച്ചനും ജോജിയും തുടങ്ങി മിന്നൽ മുരളി വരെയുള്ള ചിത്രങ്ങൾ അക്കാര്യം വ്യക്തമാക്കുമെന്നും ആ വഴിയിലുള്ള ഞങ്ങളുടെ ശ്രമമാണ് ജയ് ഭീം പോലുള്ള ചിത്രങ്ങളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.