മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടുന്നതിനിടെ അഞ്ച് പോലീസുകാർക്ക് കുത്തേറ്റു; നാലു പേരുടെ നില ഗുരുതരം

തിരുവനന്തപുരം: കല്ലമ്പലത്ത് അഞ്ച് പോലീസുകാർക്ക് കുത്തേറ്റു. മയക്കുമരുന്ന് കേസ് പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് പോലീസുകാർക്ക് കുത്തേറ്റത്. കഞ്ചാവ് കേസ് പ്രതിയായ അനസിനെ പിടികൂടുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥർക്ക് കുത്തേൽക്കുകയായിരുന്നു. ചന്തു, ജയൻ, ശ്രീജിത്ത്, വിമോദ്, വിജിത് എന്നീ പോലീസുകാർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ നാല് പോലീസുകാരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉദ്യോഗസ്ഥരെ ആക്രമിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇരുപതോളം കേസുകളിൽ പ്രതിയാണ് അനസ്. ഇയാളെ നേരത്തെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. കല്ലമ്പലത്തെ ഒരു ബാറിൽ ഇയാളുണ്ടെന്ന് വിവരം ലഭിച്ചതിനെത്തുടർന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യാനെത്തിയത്.

എന്നാൽ പോലീസിനെ കണ്ട് അക്രമാസക്തനായ ഇയാൾ ഇവർക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ആക്രമത്തിൽ പരിക്കേറ്റവരിൽ ശ്രീജിത്തിന്റെയും വിനോദിന്റെയും പരിക്കുകൾ അതീവ ഗുരുതരമാണ്. ശ്രീജിത്തിന്റെ നട്ടെലിനാണ് കുത്തേറ്റത്.