ന്യൂഡൽഹി: രാജ്യത്ത് അന്താരാഷ്ട്ര വിമാന സർവീസുകൾ ഉടൻ പുനരാരംഭിക്കും. കോവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ വിലക്കുകൾ പിൻവലിക്കാനാണ് അധികൃതരുടെ തീരുമാനം. ഈ മാസം 27 മുതൽ സർവീസുകൾ വീണ്ടും ആരംഭിക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച വിമാന സർവ്വീസുകൾ പുനരാരംഭിക്കാൻ തീരുമാനിച്ചതായി വ്യോമയാന മന്ത്രാലയം അറിയിച്ചു. എയർ ബബിൾ സംവിധാനത്തിലുള്ള പ്രത്യേക സർവീസുകൾ മാത്രമായിരുന്നു രാജ്യത്ത് ഇതുവരെ സർവ്വീസുകൾ നടത്തിയത്.
അന്താരാഷ്ട്ര വിമാന സർവ്വീസുകൾ പുനരാരംഭിക്കണമെന്ന് കഴിഞ്ഞ വർഷം ഇന്ത്യ പദ്ധതിയിട്ടിരുന്നു. എന്നാൽ ഒമിക്രോൺ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ വീണ്ടും അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്കുള്ള വിലക്ക് നീട്ടുകയായിരുന്നു. 2020 മാർച്ച് 23 ലാണ് കോവിഡ് വ്യാപനത്തെ തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസുകൾ കേന്ദ്രസർക്കാർ നിർത്തിയത്. രണ്ട് വർഷം അന്താരാഷ്ട്ര സർവീസുകളുടെ സുഗമമായ നടത്തിപ്പിന് ഇത് തടസം സൃഷ്ടിക്കുകയായിരുന്നു.
വന്ദേ ഭാരത് മിഷൻ പ്രകാരം തെരഞ്ഞെടുത്ത റൂട്ടുകളിൽ ഇന്ത്യയിൽ നിന്നും മറ്റ് രാജ്യങ്ങളിലേക്കും തിരിച്ചും അന്താരാഷ്ട്ര വിമാന സർവീസുകൾ നടത്തിയിരുന്നു. നയതന്ത്ര തലത്തിലെ ചർച്ചകൾക്കും തീരുമാനങ്ങൾക്കും പിന്നാലെയാണ് ഇത്തരം സർവീസുകൾ നിശ്ചയിച്ചിരുന്നത്. 2020 ജൂലൈ മുതലായിരുന്നു വന്ദേഭാരത് സർവ്വീസുകൾ നടത്തിയിരുന്നത്.

