കേരള ബാങ്കില്‍ വിവിധ തസ്തികകളിലായി താല്‍ക്കാലിക വ്യവസ്ഥയില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി 1200 പേരെ നിയമിക്കും. ‘ഏകദേശം നാലിലൊന്ന് തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്. റിക്രൂട്ട്‌മെന്റ് പിഎസ്സിക്ക് കൈമാറിയെങ്കിലും വിവിധ തസ്തികകളിലേക്കുള്ള റിക്രൂട്ട്‌മെന്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കും. എന്നാല്‍, ഈ സമയം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി റിക്രൂട്ട് ചെയ്യുന്ന താത്കാലിക ജീവനക്കാരുടെ സഹായത്തോടെ പ്രവര്‍ത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നു’- ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. ഓരോ മാസവും ഓഫീസ് അറ്റന്‍ഡര്‍ മുതല്‍ മാനേജര്‍ പോസ്റ്റില്‍ വരെ വിവിധ തസ്തികകളിലായി 65-73 പേരുടെ വിരമിക്കലിന് ബാങ്ക് സാക്ഷ്യം വഹിക്കുന്നുണ്ട്. താത്കാലിക നിയമനങ്ങള്‍ നടത്തിയില്ലെങ്കില്‍ ഗുരുതരമായ പ്രതിസന്ധിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ തൊഴില്‍ രജിസ്‌ട്രേഷനില്‍ വന്‍ ഇടിവ് നേരിട്ട സാഹചര്യത്തിലാണ് ബാങ്കിന്റെ റിക്രൂട്ട്‌മെന്റ്. തൊഴില്‍ വകുപ്പിന്റെ തത്സമയ രജിസ്റ്ററിലെ ആളുകളുടെ എണ്ണം 2021 ഡിസംബര്‍ 31 വരെ 29.31 ലക്ഷമായിരുന്നു. ആറ് മാസം മുമ്പ് ഇത് 37.77 ലക്ഷമായിരുന്നു. സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ കൂട്ടിച്ചേര്‍ത്താണ് കേരള ബാങ്ക് രൂപീകരിച്ചത്. പ്രൈമറി, ജില്ലാ, സംസ്ഥാന തലങ്ങളിലാണ് സഹകരണ ബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നത്.

