നടി ആക്രമിക്കപ്പെട്ട കേസ്; ദിലീപിനെതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് ക്രൈംബ്രാഞ്ച്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് ക്രൈംബ്രാഞ്ച്. കേസിലെ നിർണായക തെളിവുകൾ ദിലീപ് മുംബൈയിൽ കൊണ്ടുപോയി നശിപ്പിച്ചുവെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിട്ടുള്ളത്. ദിലീപിന്റെ ഹർജി തള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ക്രൈം ബ്രാഞ്ച് ഹൈക്കോടതിയിൽ നൽകിയിട്ടുള്ള റിപ്പോർട്ടിലാണ് നിർണായകമായ വിവരങ്ങൾ പരാമർശിച്ചിട്ടുള്ളത്.

ആറ് മൊബൈൽ ഫോണുകളാണ് പ്രതികൾ കോടതിയുടെ നിർദേശ പ്രകാരം ക്രൈംബ്രാഞ്ചിന് മുന്നിൽ ഹാജരാക്കിയത്. നാലു ഫോണുകളാണ് ഗൂഢാലോചനയ്ക്കായി പ്രധാനമായും ഉപയോഗിച്ചിട്ടുള്ളത്. മുംബൈയിലെ ഒരു കമ്പനിയിൽ കൊണ്ടുപോയി അതിനകത്തുള്ള എല്ലാ ഡാറ്റയും നശിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. പ്രോസിക്യൂഷന് സഹായകരമായ ഡാറ്റകൾ നശിപ്പിച്ച ശേഷമാണ് കോടതിയുടെ നിർദേശത്തിന് ശേഷം പ്രതികൾ ഫോണുകൾ ഹാജരാക്കിയതെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് തുടരന്വേഷണം റദ്ദാക്കണമെന്ന നടൻ ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി. അന്വേഷണ ഉദ്യോഗസ്ഥർക്ക് തുടരന്വേഷണവുമായി മുന്നോട്ടു പോകാമെന്നും, ഏപ്രിൽ 15 നകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.