തിരുവനന്തപുരം: കെപിസിസി പുനഃസംഘടനയിലെ അതൃപ്തി പരസ്യമാക്കി കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. മുൻ പ്രസിഡന്റ് എന്ന നിലയ്ക്ക് കെപിസിസി പുന:സംഘടനയിൽ തന്നോട് പോലും ചർച്ച ചെയ്തില്ലെന്നാണ് അദ്ദേഹം ഉയർത്തുന്ന വിമർശനം. മാദ്ധ്യമങ്ങളിലൂടെയാണ് പുനഃസംഘടന സംബന്ധിച്ച കാര്യങ്ങൾ അറിയുന്നത്. ആരെയെങ്കിലും ഭാരവാഹി ആക്കണമെന്ന് താൻ നിർദേശിച്ചിട്ടില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.
രാജ്യസഭയിലേക്ക് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരും പരിഗണിക്കുന്നുണ്ടെന്ന വാർത്തകളോടും അദ്ദേഹം പ്രതികരിച്ചു. രാജ്യസഭ സീറ്റിന്റെ കാര്യം ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും ഇപ്പോൾ ഇക്കാര്യം ചർച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം, രാജ്യസഭയിലേക്ക് ഇനി ഇല്ലെന്ന് എ.കെ ആന്റണി ഹൈക്കമാൻഡിനെ അറിയിച്ചിട്ടുണ്ട്. കെ.പി.സി.സി നേതൃത്വത്തെയും ആന്റണി ഇക്കാര്യം അറിയിച്ചു. എ.കെ ആന്റണിക്ക് പകരം ആരെ മത്സരിപ്പിക്കുമെന്ന ആലോചന കെ.പി.സി.സി നേതൃത്വം ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടെയാണ് രാജ്യസഭാ സീറ്റിലേക്ക് മുല്ലപ്പള്ളിയെ പരിഗണിക്കുന്നുവെന്ന വാർത്തകൾ പുറത്തു വന്നത്.

