സംസ്ഥാന ബജറ്റ്: പെന്‍ഷന്‍ പ്രായം കൂട്ടില്ല; നികുതി വര്‍ധനയില്‍ സൂചന നല്‍കി ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍

തിരുവനന്തപുരം: 2022ലെ ബജറ്റിന്റെ പ്രധാന ലക്ഷ്യം കേരളത്തിലെ വരുമാന വര്‍ദ്ധനവാണെന്ന് വ്യക്തമാക്കി ധനമന്ത്രി കെ. എന്‍ ബാലഗോപാല്‍. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കില്ലെന്നും എന്നാല്‍, നികുതി വര്‍ധനവുണ്ടാകുമെന്ന സൂചനയും അദ്ദേഹം നല്‍കി. ‘നികുതി വര്‍ധന അടുത്തിടെ ഉയര്‍ന്ന് വരുന്നതാണ്. നികുതി വര്‍ധിപ്പിക്കാന്‍ പരിമിധ അവസരങ്ങളേ സംസ്ഥാനത്തിനുള്ളു. എന്നാല്‍ ജനങ്ങളുടെ ബിസിനസിനെയോ ജനങ്ങളുടെ ഉപജീവനത്തെയോ ബാധിക്കുന്ന രീതിയിലേക്ക് നികുതി ഉയര്‍ത്തില്ല. അതേ സമയം കാലോജിതമായി നമുക്ക് ലഭിക്കുന്ന സേവനങ്ങള്‍ക്ക് ജനം നികുതി നല്‍കുകയും വേണം. അതില്ലെങ്കില്‍ സര്‍ക്കാറുകള്‍ ശക്തിപ്പെടില്ല. സമൂഹം ദുര്‍ബലമാകും’- മന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിസന്ധിയെ അടക്കം തരണം ചെയ്യുന്ന സാഹചര്യത്തിലാണ് മാര്‍ച്ച് 11ന് സംസ്ഥാന ബജറ്റ് അവതരിപ്പിക്കപ്പെടുന്നത്. തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പ് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ പരിഷ്‌കരിച്ച പതിപ്പ് മാത്രമായിരുന്നു കഴിഞ്ഞ വര്‍ഷം ബാലഗോപാല്‍ അവതരിപ്പിച്ചത്. എന്നാല്‍. ഇത്തവണ പ്രതീക്ഷയോടെയാണ് വിവിധ മേഖലകള്‍ ബജറ്റിനെ നോക്കിക്കാണുന്നത്.

ക്ഷേമനിധിയും മറ്റ് തൊഴില്‍ ആനുകൂല്യങ്ങളും കിട്ടുന്നുണ്ടെങ്കിലും അത് ഇനിയും കാര്യക്ഷമമാക്കണമെന്നാണ് കോഴിക്കോട് വലിയങ്ങാടിയിലെ ചുമട്ടുതൊഴിലാളികളുടെ പ്രധാന ആവശ്യം. തൊഴില്‍ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികളും ഉണ്ടാവണമെന്ന് തൊഴിലാളികള്‍ പറയുന്നു. കേരളത്തില്‍ ഇലക്ട്രേണിക് ആന്റ് ഗാഡ്ജറ്റ് നിര്‍മ്മാണത്തിനായുള്ള പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കണമെന്നാണ് മൈജി ചെയര്‍മാന്‍ എ.കെ ഷാജിയുടെ ആവശ്യം. ഇതുവഴി മേഖലയില്‍ വലിയ വികസനം ഉണ്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബജറ്റില്‍ കൊവിഡിന് ശേഷം ഉണരുന്ന വ്യാപാര മേഖലയ്ക്ക് ഉത്തേജന പാക്കേജ് പ്രതീക്ഷിക്കുന്നതായി മലബാര്‍ ഗോള്‍ഡ് ചെയര്‍മാന്‍ എ. പി അഹമ്മദും പറഞ്ഞു. മലയോരഹൈവേയും കെ-റെയിലും അടക്കമുള്ള പ്രവൃത്തികള്‍ വിപണിയില്‍ പണത്തിന്റെ ഒഴുക്കിന് കാരണമാവും, ഇത് സാമ്പത്തിക രംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. നികുതി വെട്ടിപ്പ് കുറക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇനിയും ശക്തി പ്രാപിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
.