മര്‍ദ്ദനത്തിന്റെ അടയാളങ്ങളില്ല; പോലീസ് കസ്റ്റഡിയിലിരിക്കെ പ്രതി മരിച്ചത് ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: തിരുവല്ലം പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി സുരേഷ് മരിച്ചത് ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരിച്ചു. പ്രതിയുടെ ശരീരത്തില്‍ ചില പാടുകള്‍ മാത്രമല്ലാതെ മറ്റ് പരിക്കുകളോ മര്‍ദ്ദനത്തിന്റെ അടയാളങ്ങളോ ഇല്ല. എങ്കിലും കസ്റ്റഡിയില്‍ വെച്ച് പോലീസ് പ്രതിയെ മര്‍ദ്ദിച്ചോ എന്നതില്‍ അന്വേഷണം തുടരുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. പോലീസുകാരെ വീണ്ടും ചോദ്യം ചെയ്യും.

തിരുവല്ലം ജഡ്ജികുന്നില്‍ സ്ഥലം കാണാനെത്തിയ ദമ്പതികളെയും സുഹൃത്തിനെയും ആക്രമിച്ചതിന്‌ സുരേഷ് അടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍, നെഞ്ചുവേദനയെ തുടര്‍ന്ന് പ്രതിയ പോലീസ് സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അവിടെ വെച്ചാണ് സുരേഷ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്.

അതേസമയം, പോലീസ് മര്‍ദ്ദനമാണ് മരണ കാരണമെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണം ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ചാണ് കേസ് അന്വേഷിക്കുന്നത്. സുരേഷിനൊപ്പം അറസ്റ്റ് ചെയ്ത മറ്റ് നാലു പേരും ഇപ്പോഴും ജയിലാണ്. ഈ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് നെയ്യാറ്റിന്‍കര കോടതി തള്ളിയിരുന്നു.