കൊച്ചി: ടാറ്റു സെന്ററുകളിൽ പരിശോധനയുമായി അധികൃതർ. ടാറ്റൂ ആർട്ടിസ്റ്റിൽ നിന്ന് ലൈംഗിക പീഡനത്തിന് ഇരയായെന്ന യുവതികളുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കൊച്ചിയിലെ ടാറ്റു സെന്ററുകളിൽ പരിശോധന കർശനമാക്കിയത്. കൃത്യമായ സുരക്ഷാ മുൻകരുതലോ ഉപകരണങ്ങൾ അണുവിമുക്തമാക്കുകയോ ചെയ്യാതെയുള്ള ടാറ്റുവരയ്ക്കൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്.
കൃതിമ മഷി ത്വക്കിന്റെ ആവരണത്തിലേക്ക് സൂചി ഉപയോഗിച്ച് കടത്തിവിട്ടാണ് ടാറ്റു ചെയ്യുന്നത്. സൂചികൾ ഉപയോഗിച്ച് ചർമ്മത്തിൽ മുറിവുകളുണ്ടാക്കുകയാണ്. പ്രത്യേക അറകളായി തുടരുന്ന ഇത്തരം മുറിവുകൾ പലതരത്തിലുമുള്ള പ്രതിപ്രവർത്തനങ്ങളും ഉണ്ടാക്കാനിടയുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ മുറിവുകൾ കരിയുമെന്നാണ് ടാറ്റൂ സെന്ററുകൾ പറയുന്നത്. എന്നാൽ മാസങ്ങളോളം കഴിഞ്ഞാലും മുറിവുകൾ കഴിയാത്തവരുമുണ്ട്. മഷി കടത്തിവിടുന്നതിനായി ഉപയോഗിക്കുന്ന സൂചി അണുവിമുക്തമാക്കിയെന്ന് മിക്ക സെന്ററുകളും അവകാശപ്പെടുന്നുണ്ടെങ്കിലും സുചി ഘടിപ്പിയ്ക്കുന്ന ഉപകരണം ക്യത്യമായ അണുവിമുക്തമാക്കലിന് വിധേയമാകാറില്ല. കൃത്യമായ അണുവിമുക്തമാക്കൽ നടക്കാത്ത കേന്ദ്രങ്ങളിൽ ടാറ്റു വരയ്ക്കാനെത്തുന്നവർക്ക് ഹെപ്പറ്റൈറ്റിസ്, എച്ച്.ഐ.വി തുടങ്ങിയ മാരകരോഗങ്ങൾ ഉണ്ടാകാനിടയുണ്ട്.
ആദ്യം ഒരാവേശത്തിന് വേണ്ടി ടാറ്റു ചെയ്യുകയും പിന്നീട് അത് മായ്ച്ചു കളയാനായി ബുദ്ധിമുട്ടുന്നവരും ഉണ്ട്. ടാറ്റു മായ്ക്കാനായി വലുപ്പമനുസരിച്ച് അഞ്ചു മുതൽ എട്ടു തവണ വരെയാക്കെ ലേസർ ചികിത്സ ചെയ്യേണ്ടി വരുന്നു. അയ്യായിരം രൂപമുടക്കി വരച്ച ടാറ്റൂ മായ്ക്കാൻ അമ്പത് മുതൽ എൺപതിനായിരം വരെ ചെലവു വരും.
രണ്ടാഴ്ച വരെ സമയം കൊണ്ട് ടാറ്റൂ വരയ്ക്കുമ്പോഴുണ്ടാകുന്ന മുറിവുകൾ ഉണങ്ങുമെന്നാണ് ടാറ്റു സെന്ററുകൾ പറയുന്നത്. മുറവുണങ്ങുന്നതിനായി ചില ലേപനങ്ങളും ആന്റിബയോട്ടിക്കുകളും ഇവർ കുറിച്ചുനൽകാറുമുണ്ട്. എന്നാൽ ഡോക്ടർമാരുടെ വിദഗ്ധോപദേശമില്ലാതെയുള്ള ഇത്തരം മരുന്നുവിതരണം വലിയ ആപത്താണെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. രോഗിയുടെ ആരോഗ്യനിലയ്ക്കും മുരുന്നുകളോടുള്ള പ്രതിപ്രവർത്തനം അടക്കമുള്ള കാര്യങ്ങൾ പരിഗണിയ്ക്കാതെ മരുന്നുനൽകുന്നത് ഗുരുതരമായ അലർജിയിലേക്കും മുറവുകൾ ഒരിയ്ക്കലും ഉണങ്ങാത്ത അവസ്ഥയിലേക്കും പോലും കാര്യങ്ങൾ എത്തിക്കാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

