ന്യൂഡൽഹി: നാലു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി കരസ്ഥമാക്കിയ വിജയത്തിന് പിന്നാലെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത് സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ദിനമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വിജയമാണിതെന്നും ബിജെപി പ്രവർത്തകരുടെ കഠിനാധ്വാനമാണ് വിജയം സമ്മാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ബിജെപി പ്രവർത്തകരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു. ബിജെപി ആസ്ഥാനത്ത് വിജയാഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഉത്തർപ്രദേശിൽ ബിജെപി ചരിത്രം കുറിച്ചു. ചരിത്രത്തിലാദ്യമായാണ് ഉത്തർപ്രദേശിൽ ഒരു മുഖ്യമന്ത്രി കാലാവധി പൂർത്തിയാക്കി വീണ്ടും അധികാരത്തിലെത്തുന്നത്. യുപിയിലും ഉത്തരാഖണ്ഡിലും ബിജെപി ചരിത്രം കുറിച്ചു. സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകരാമാണ് ഈ വിജയം ഇന്ന് മുതൽ പ്രവർത്തകർക്ക് ഹോളിയാണ്. സ്ത്രീകളും യുവവോട്ടർമാരും ബിജെപിയെ പിന്തുണച്ചു. കന്നിവോട്ടർമാരെല്ലാം ബിജെപിക്ക് വോട്ട് ചെയ്തു. ഇത് നിർണായകമായെന്നും ഉത്തർപ്രദേശിൽ ജാതി രാഷ്ട്രീയം അവസാനിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി.
വികസനത്തിനാണ് യുപിയിൽ ജനങ്ങൾ വോട്ട് ചെയ്തത്. 2024 ലെ വിജയത്തിന് ജനം അടിത്തറ പാകി. കോവിഡ് പ്രതിരോധത്തിലും വികസനകാര്യത്തിലും ജനങ്ങളെ തെറ്റിധരിപ്പിക്കാൻ ശ്രമിച്ച പ്രതിപക്ഷത്തിനുള്ള മറുപടിയാണ് ഈ വിജയം. കുടുംബാധിപത്യം ജനാധിപത്യത്തെ നശിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. താൻ ഒരു കുടുംബത്തിനും എതിരല്ല. എന്നാൽ കുടുംബാധിപത്യം രാജ്യത്തെ വേദനിപ്പിക്കുന്നു. ‘പരിവാർ വാദ്’ അവസാനിക്കേണ്ടത് അനിവാര്യമാണ്. അഴിമതിക്ക് എതിരെ പോരാടുന്നത് ബിജെപി എന്ന് ജനങ്ങൾക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

