രാജ്യസഭാ സീറ്റുകളിലെ സീറ്റ് നിർണയം; പ്രതികരണവുമായി കോടിയേരി

തിരുവനന്തപുരം: രാജ്യസഭാ സീറ്റുകളിലെ സീറ്റ് നിർണയവുമായി ബന്ധപ്പെട്ട വിഷയം എൽഡിഎഫ് ചർച്ച ചെയ്യും. സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് ഇക്കാര്യം അറിയിച്ചത്. എൽജെഡിക്കും സിപിഐഎമ്മിനും സീറ്റ് നൽകണമോയെന്ന വിഷയത്തിൽ ഉൾപ്പെടെ എൽഡിഎഫ് ചർച്ച നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

എല്ലാവർക്കും അവകാശവാദം ഉന്നയിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് കോടിയേരി പറഞ്ഞു. സിപിഐഎം സംസ്ഥാന കമ്മിറ്റി മറ്റന്നാൾ ചേരുമെന്നും പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട കരടിൽ അംഗങ്ങളുടെ അഭിപ്രായം കേൾക്കുമെന്നും അദ്ദേഹം വിശദമാക്കി. വിഷയം മുന്നണി ചർച്ച ചെയ്ത ശേഷം അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പി.ശശി മുഖ്യന്ത്രിയുടെ ഓഫീസിൽ എത്തുമോ എന്ന ചോദ്യത്തോട് അതൊക്കെ പാർട്ടി ചർച്ച ചെയ്ത് തീരുമാനിക്കുമെന്ന് കോടിയേരി മറുപടി നൽകി.

അതേസമയം കേരളത്തിൽ ഒഴിവുള്ള മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മാർച്ച് 31 നാണ് നടക്കുക. എൽഡിഎഫിന് ലഭിക്കുന്ന രണ്ടു സീറ്റിൽ ഒരെണ്ണം വേണമെന്ന് സിപിഐ അവകാശവാദം ഉന്നയിക്കും. തോമസ് ഐസക് അടക്കമുള്ളവരെയാണ് മത്സരത്തിനായി സിപിഎം പരിഗണിക്കുന്നത്. വിപി സാനു, ചിന്താ ജെറോം തുടങ്ങിയ പേരുകളും പാർട്ടിയുടെ പരിഗണനയിലുണ്ട്. എ കെ ആൻറണി, സോമപ്രസാദ്, എം വി ശ്രേയാംസ്‌കുമാർ എന്നിവരുടെ കാലാവധി തീരുന്ന ഒഴിവുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. സഭയിലെ അംഗസംഖ്യ അനുസരിച്ച് രണ്ട് സീറ്റ് എൽഡിഎഫിനും ഒന്ന് യുഡിഎഫിനുമാണ്.